ലഹരിക്കെതിരെ കലയുടെ പ്രതിരോധം; ഇടുക്കി ജില്ലയിൽ 100 സ്കൂളുകളിൽ കലാ കവചം പദ്ധതിക്ക് തുടക്കം
'തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിന്റെയും സ്പിക് മാകെ (SPIC MACAY - Society for the Promotion of Indian Classical Music And Culture Amongst Youth) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ 100 സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ശാസ്ത്രീയ കലാ ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഷീബ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജി മാർക്കോസ് ഉദ്ഘാടനം നിർവഹിച്ചു.
നർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൃഷ്ണൻകുട്ടി വി തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഹരികുമാർ പി.എസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസിയ നിയാസ്, പി.ടി.എ പ്രസിഡന്റ ശിഹാബുദ്ദീൻ, എസ്.എം.സി ചെയർമാൻ അനിൽ പി.എ, സ്കൂൾ പ്രിൻസിപ്പൽ ജയമോൾ കെ ജേക്കബ്, സ്പിക് മാകെ കോഡിനേറ്റർ ഷാജി ജി ആർ, സ്കൂൾ ഹെഡ്മിസ്ട്രസ് ജനി വി രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
യുവാക്കളുടെയും വിദ്യാർത്ഥികളുടെയും സർഗ്ഗശേഷി മയക്കുമരുന്ന്, അക്രമവാസനകൾ, മാനസിക സമ്മർദ്ദങ്ങൾ എന്നിവയിലേക്ക് വഴിതെറ്റിപ്പോകാതെ അവരെ കല, സംസ്കാരം, നാടോടി പൈതൃകം, യോഗ, സംഗീതം, നൃത്തം എന്നിവയിലേക്ക് തിരിച്ചുവിട്ട് ഒരു വലിയ സാംസ്കാരിക പ്രതിരോധ കോട്ട കെട്ടിപ്പടുക്കുക എന്നതാണ് സ്പിക് മാകെ കലാ കവചം ലക്ഷ്യം വയ്ക്കുന്നത്. തൂഫാൻ ക്യാമ്പയിന്റെ ഫലം താഴെത്തട്ടിൽ വരെ ഉറപ്പാക്കുന്നതിനായി സ്കൂൾ-കോളേജ് തലങ്ങളിൽ വിപുലമായ സാംസ്കാരിക പ്രതിരോധ പ്രവർത്തനങ്ങളാണ് ഇതുവഴി മുന്നോട്ട് വെക്കുന്നത്.
എല്ലാ സർക്കാർ- എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്കായി സ്പിക് മാക്കെയുടെ പാനലിലുള്ള അന്തർദേശീയ, ദേശീയ പ്രശസ്തരായ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് ലക്ച്ചർ - ഡെമോൺസ്ട്രേഷനുകളും, അനുഭവപഠന ശില്പശാലകളും സംഘടിപ്പിക്കും. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിലേക്ക് കുട്ടികൾ വഴിതെറ്റിപ്പോകാതിരിക്കാൻ ഇതിലൂടെ സാധിക്കും.



