'കൈയ്യോടു കൈ - കൈകോർക്കാം മാലിന്യരഹിത പുതുയുഗകേരളത്തിനായി' എന്ന സന്ദേശമുയർത്തി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു
'കൈയ്യോടു കൈ - കൈകോർക്കാം മാലിന്യരഹിത പുതുയുഗകേരളത്തിനായി' എന്ന സന്ദേശമുയർത്തി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. 'സ്വച്ഛത ഹി സേവ 2026' ക്യാമ്പയിന്റെ ഭാഗമായി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗമാണ് ജനപങ്കാളിത്തത്തോടെ പരിപാടി നടത്തിയത്. വിദ്യാർത്ഥികളും ഹരിതകർമ്മ സേനയും നാട്ടുകാരും അണിനിരന്ന റാലി നഗരത്തിന് വേറിട്ട കാഴ്ചയായി.കട്ടപ്പന ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലി ഡിവൈ.എസ്.പി റെജി കുന്നേപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡോൺ ബോസ്കോ, സെന്റ് ജോർജ്, ഓക്സിലിയം, കാർമൽ തുടങ്ങി നഗരത്തിലെ ഒൻപതോളം സ്കൂളുകളിലെയും കോളേജുകളിലെയും നൂറുകണക്കിന് വിദ്യാർത്ഥികൾ ബോധവൽക്കരണ പ്ലക്കാർഡുകളുമേന്തി റാലിയിൽ പങ്കെടുത്തു.
ബാൻഡ് മേളം, നാസിക് ഡോൾ, സ്കേറ്റിംഗ് ടീമുകളുടെ അഭ്യാസ പ്രകടനങ്ങൾ, കട്ടപ്പന ബുള്ളറ്റ് ക്ലബ്ബിന്റെ അകമ്പടി എന്നിവ റാലിക്ക് ആവേശം പകർന്നു. വ്യാപാരി വ്യവസായികൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന എന്നിവരും റാലിയുടെ ഭാഗമായി. ഗാന്ധി സ്ക്വയറിൽ സമാപിച്ച റാലിയെ തുടർന്ന് ചേർന്ന പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തോമസ് മൈക്കിൾ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മനോജ് മുരളി, ബീന സിബി, മുൻ വൈസ് ചെയർമാൻ കെ.ജെ. ബെന്നി, നഗരസഭാ സെക്രട്ടറി അജി കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിനും തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിനിൽ മാലിന്യമുക്ത നഗരത്തിനായി പ്രതിജ്ഞയെടുത്ത് നൂറുകണക്കിന് പൊതുജനങ്ങളും വിദ്യാർത്ഥികളും ക്യാൻവാസിൽ ഒപ്പുവെച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സാമൂഹ്യപ്രവർത്തകരും പുളിയന്മല ക്രൈസ്റ്റ് കോളേജ് എം.എസ്.ഡബ്ല്യു വിദ്യാർത്ഥികളും പരിപാടികൾക്ക് നേതൃത്വം നൽകി.

