വര്‍ണ്ണപ്പൊലിമയില്‍ ജില്ലാതല ശിശുദിനാഘോഷം; ഇടുക്കി ന്യൂമാന്‍ എല്‍.പി സ്‌കൂളിന് റാലിയില്‍ ഒന്നാം സ്ഥാനം
നിറപ്പകിട്ടോടെ ജില്ലയില്‍ ശിശുദിനം ആഘോഷിച്ചു. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിന റാലിയില്‍ കൈകളില്‍ റോസാപ്പൂക്കളുമേന്തി ഇടുക്കി താലൂക്കിലെ വിവിധ സ്‌കൂളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. തൂവെള്ള പൈജാമയും കുര്‍ത്തയുമണിഞ്ഞ് നെഹൃതൊപ്പി ധരിച്ചെത്തിയ കുട്ടികള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയ്ക്ക് ജയ് വിളിച്ചു നീങ്ങി. ചെറുതോണി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് നടന്ന ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ചെറുതോണി വ്യാപാരഭവനില്‍ നടന്ന സമാപനസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അലിവിയ ഷിബു (കാല്‍വരി മൗണ്ട് എല്‍.പി.എസ്) ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ക്രിസ്റ്റീന ജിന്‍സ് (വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി.എസ്) അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. വര്‍ണ്ണോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു നിള നിര്‍വഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജി കണ്ണന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡിറ്റാജ് ജോസഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ശിശുദിനറാലിയില്‍ ഇടുക്കി ന്യൂമാന്‍ എല്‍.പി സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.



