ഡബിൾ സ്ട്രോങ്ങ് ചായക്ക് 115, പൊടി ചായക്ക് 75; നെടുങ്കണ്ടത്ത് ലഹരി ഉത്പന്നങ്ങൾ വിറ്റിരുന്ന പേപ്പർ ഇക്ക പിടിയിൽ
ഡബിൾ സ്ട്രോങ്ങ് ചായക്ക് 115, പൊടി ചായക്ക് 75. നെടുങ്കണ്ടത്ത് ചായക്കൊപ്പം ലഹരി ഉത്പന്നങ്ങൾ വിറ്റിരുന്ന പേപ്പർ ഇക്ക പിടിയിൽ. നെടുങ്കണ്ടത്ത് ചായ കട നടത്തിയിരുന്ന കാരിശ്ശേരി മജീദ് ഹാസിം ആണ് അറസ്റ്റിൽ ആയത്. പൊടി ചായയും ഡബിൾ സ്ട്രോങ്ങും ഒക്കെ പേപ്പർ ഇക്ക എന്ന മജീദിന്റെ കടയിൽ ലഹരി ഉത്പന്നങ്ങൾ കിട്ടാനുള്ള കോഡ് ഭാഷകൾ ആണ്. പൊടി ചായ ചോദിച്ചാൽ 75 രൂപയ്ക്ക് ചായക്കൊപ്പം നിരോധിത പുകയില ഉത്പന്നമായ ഹാൻസും കൈമാറും. ഡബിൾ സ്ട്രോങ്ങ് ചായക്ക് ഒപ്പം കഞ്ചാവ് വലിയ്ക്കാൻ ഉപയോഗിയ്ക്കുന്ന ഓ.സി.ബി പേപ്പർ ആണ് നൽകുക.
ക്യൂബൻ നിർമ്മിത ഹവാന ചുരുട്ട്, കഞ്ചാവ് തുടങ്ങി ലഹരി വസ്തുക്കൾ ഏറെ ഉണ്ട് ഇയാളുടെ പക്കൽ. രഹസ്യ വിവരത്തെ തുടർന്ന് നെടുങ്കണ്ടം എക്സൈസ് നടത്തിയ പരിശോധനയിൽ ആണ് മജീദിന്റെ വീട്ടിലും കടയിലും നടത്തിയ പരിശോധനയിൽ ആണ് 106 പായ്ക്കറ്റ് ഒ.സി.ബി പേപ്പറുകളും 22 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെടുത്തത്.
മജീദിന്റെ കടയിൽ വന്ന് പോയിരുന്നവരെ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്തിന് നിർദേശം നൽകുമെന്നും എക്സൈസ് സംഘം അറിയിച്ചു.

