കട്ടപ്പന കോവിൽമലയിൽ വീട് കുത്തി തുറന്ന് മോഷണം; യുവാവ് അറസ്റ്റിൽ
കട്ടപ്പന കോവിൽമലയിൽ വീട് കുത്തി തുറന്ന് ഗൃഹോപകരണങ്ങളും പാസ്പോർട്ടും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തുളസിപ്പടി മുണ്ടാനത്ത് റോബിൻ( 24) ആണ് പിടിയിലായത്. ആഗസ്റ്റ് മൂന്നിന് തുളസിപ്പടി മണ്ണഞ്ചേരി ജോബിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. റോബിന്റെ പക്കൽ നിന്ന് ജോബിന്റെ ഇളയ സഹോദരൻ അൻപതിനായിരം രൂപ വായ്പ വാങ്ങിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാത്തതിനെ തുടർന്നാണ് വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ തീരുമാനിച്ചത്. ജോബിന്റെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഫ്രിഡ്ജ് ടിവി പാത്രങ്ങൾ തുടങ്ങിയവയും സഹോദരന്റെ പാസ്പോർട്ടും മോഷ്ടിച്ചു. ടിവിയും ഫ്രിഡ്ജും മറ്റു പാത്രങ്ങളും ആക്രിക്കടയിൽ വിറ്റു. അച്ഛനുമായി ആശുപത്രിയിലായിരുന്ന ജോബിൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകി. പാലായിൽ കള്ള് ഷാപ്പിൽ ജോലി ചെയ്യുകയായിരുന്ന റോബിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, എസ്എച്ച്ഒ ടി സി മുരുകൻ, എസ് ഐ ലിജോ പി മണി, സിപിഒമാരായ മനു പി ജോസ്, പി വി രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.