നരേന്ദ്ര മോഡി സർക്കാർ രാജ്യത്തിൻ്റെ അതിർത്തി പോലും സംരക്ഷിക്കാൻ കഴിയാത്തവരാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു
നരേന്ദ്ര മോഡി സർക്കാർ രാജ്യത്തിൻ്റെ അതിർത്തി പോലും സംരക്ഷിക്കാൻ കഴിയാത്തവരാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ പ്രകാശ് ബാബു. ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ പാർട്ടി ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ചൈന, ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള അതിർത്തി ഗ്രാമങ്ങളിൽ അതിക്രമിച്ച് കയറി ചൈനീസ് ഗ്രാമങ്ങൾ നിർമ്മിച്ച് അതിൻ്റെ ഭൂപടവും മറ്റ് രേഖകളും പുറത്ത് വിട്ടിട്ടും കേന്ദ്ര സർക്കാരും, നരേന്ദ്ര മോദിയും പ്രതികരിക്കാൻ പോലും തയ്യാറാകാതെ മൗനത്തിലാണ് .ബി ജെ പി ക്ക് രാജ്യത്തോടുള്ള സ്നേഹമല്ല. രാജ്യത്തിൻ്റെ അതിർത്തി സംരക്ഷിക്കാൻ കഴിയാത്ത സർക്കാരിന് രാജ്യത്തെ മതന്യൂനപക്ഷമുൾപ്പെടെയുള്ള ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുത്വവർഗ്ഗീയതയെ ആളിക്കത്തിക്കുന്നതിനും, ഏകോപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് മോദി സർക്കാർ നടത്തി വരുന്നത്.രാജ്യത്തെ കോർപ്പറേറ്റുകളെ സംരക്ഷിച്ചു കൊണ്ടുള്ള ചങ്ങാത്ത മുതലാളിത്വമാണ് നടന്ന് വരുന്നത് .ഇന്ത്യയിലെ പതിനാറ് തുറമുഖങ്ങളും, 6 വിമാനത്താവളങ്ങളും അദാനിയുടെ കീഴിലാണ്.കേന്ദ്ര ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട് മെൻ്റ് തുടങ്ങിയവയെ പ്രതിപക്ഷ കക്ഷികളെയും, രാഷ്ട്രീയ പാർട്ടികളെയും അടിച്ചമർത്താനുള്ള ആയുധമാക്കി തീർത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ അദ്ധ്യക്ഷനായിരുന്നു.ജില്ലാ എക്സിക്യൂട്ടീവ് അംഗം എംകെ പ്രിയൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന - ജില്ലാ നേതാക്കളായ കെ.കെ ശിവരാമൻ, കെ.കെ.അഷറഫ്, വി കെ ധനപാൽ, ജോസ് ഫിലിപ്പ്, എം വൈ ഔസേപ്പ്, പി മുത്തുപ്പാണ്ടി, പ്രിൻസ് മാത്യു, പി പളനിവേൽ എന്നിവർ പ്രസംഗിച്ചു