കര്‍ഷകരുടെ കൈവശ ഭൂമിയും വനഭൂമിയാക്കുന്നു. കാന്തല്ലൂരില്‍ സെപ്തംബർ 7ന് ഹര്‍ത്താല്‍
കാന്തല്ലൂര്‍ പഞ്ചായത്തില്‍ കീഴാന്തൂര്‍ വില്ലേജില്‍ 52-ാം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന കര്‍ഷകരുടെ കൈവശ ഭൂമിയും റവന്യൂ ഭൂമിയും ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കാന്തല്ലൂരില്‍ 7ന് ഹര്‍ത്താല്‍.കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകഷി യോഗമാണ് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കീഴാന്തൂരില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തിനോട് അതിര്‍ത്തി പങ്കിടുന്ന 52-ാം ബ്ലോക്കില്‍ 17 പേര്‍ക്കാണ് തണ്ടപ്പേര്‍ രജിസ്റ്ററില്‍ ഉടമസ്ഥാവകാശമുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന 18 ഹെക്ടര്‍ സ്ഥലം ഒഴികെ 4318 ഹെക്ടര്‍ ഭൂമി ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്.നിരവധി പേര്‍ക്കാണ് ഇവിടെ കൈവശ ഭൂമിയുള്ളത്. ഇവരെല്ലാം പട്ടയത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളതുമാണ്. പുല്‍മേടായിരുന്ന സ്ഥലത്ത് സര്‍ക്കാര്‍ നേതൃത്വത്തിലാണ് സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി ഗ്രാന്റീസ് ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താൻ അനുമതി നല്‍കിയത്. വര്‍ഷങ്ങളായി കൃഷി ചെയ്തുവരുന്ന ഇവരെയെല്ലാം കുടിയിറക്കുന്നതിന് സമാന നടപടിയാണ് വനം വകുപ്പ്, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് കാന്തല്ലൂരിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രതിഷേധവും ഹര്‍ത്താലും ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതെന്ന് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് പറഞ്ഞു.