വേനൽമഴ ലഭിച്ചിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ കുറയുന്നു
വേനൽമഴ ലഭിച്ചിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ കുറയുന്നു. ആകെ സംഭരണ ശേഷിയുടെ 28 ശതമാനത്തിൽ താഴെ വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്.2326.1 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 27.58 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേസമയം ജലനിരപ്പ് 2340.10 അടിയായിരുന്നു.മുൻവർഷത്തെ അപേക്ഷിച്ച് 14 അടി വെള്ളം കുറവാണ് ഇപ്പോൾ.കഴിഞ്ഞ അഞ്ചു മാസത്തിനിടെ 49 അടി വെള്ളം കുറഞ്ഞു. ഈ കാലഘട്ടത്തിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 155 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളമാണ്.1049.98 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉൽപാദനം. വേനൽ മഴ വൈകിയെങ്കിലും കരുതൽ ശേഖരത്തിനായി ഇടുക്കിയിലെ വൈദ്യുതി ഉൽപാദനം കാര്യമായി ഉയർത്തിയില്ല. ഇതാണ് ജലനിരപ്പ് കുത്തനെ താഴാതെ ഇരിക്കാൻ കാരണം.ഇടവിട്ട് വേനൽ
മഴ എത്തിയിട്ടും ചൂടു തുടരുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ 89.35 ദശലക്ഷത്തിനു മുകളിലാണ് പ്രതിദിന ഉപഭോഗം.ജൂണിൽ മഴ കുറഞ്ഞാൽ അത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയേക്കും.