ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായി

കോട്ടയം: മധ്യകേരളത്തിലെ വിനോദസഞ്ചാര വികസനത്തിന് ആക്കംകൂട്ടുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്ക് പാല, ഈരാറ്റുപേട്ട മേഖലകളില്‍ നിന്നുള്ള യാത്ര സുഗമമാകും. പൊതുമരാമത്ത് വകുപ്പിന്റെ മറ്റൊരു അഭിമാന ലക്ഷ്യംകൂടിയാണ് സഫലമാകുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് റീടെന്‍ഡറില്‍ റോഡു പണി കരാറെടുത്ത് നാലുമാസംകൊണ്ട് പൂര്‍ത്തിയാക്കിയത്.
പത്തുവര്‍ഷത്തിലേറെയായി തകര്‍ന്നുകിടന്ന റോഡിന്റെ പുനരുദ്ധാരണത്തിന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് നടപടികളാരംഭിച്ചത്. 2021 ഒക്ടോബറില്‍ 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറില്‍ സാങ്കേതികാനുമതിയും നല്‍കി. കിഫ്ബിയിൽ നിന്നുള്ള സാമ്പത്തികസഹായത്തോടെ ബിഎംബിസി നിലവാരത്തിൽ റോഡ് നിര്‍മിക്കാനായിരുന്നു പദ്ധതി. 16.87 കോടി രൂപയ്ക്ക് 2022 ഫെബ്രുവരിയില്‍ കരാർ വച്ചു. ആറുമാസംകൊണ്ട് റോഡ് പണി പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധന.
ഇത് പാലിക്കാതെ വന്നതിനെതുടര്‍ന്ന് പൊതുമരമാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ട് വിഷയത്തിൽ ഇടപെട്ടു. വകുപ്പ് തലത്തിൽ പ്രത്യേകം യോഗം ചേർന്നു.
നോഡല്‍ ഓഫീസറായി എസ്. ഷാനവാസിനേയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡി എസ്. സുഹാസിനേയും നിയോഗിച്ചു. RBDCK ജനറല്‍ മാനേജര്‍ സിന്ധുവിനെ മേല്‍നോട്ടത്തിനായി നിയോഗിക്കുകയും ചെയ്തു. നീട്ടിക്കൊടുത്ത കാലയളവില്‍ തീക്കോയി വരെയുള്ള ആദ്യത്തെ ആറുകിലോമീറ്റര്‍ ദൂരത്തിന്റെ ബി.എം. ജോലികള്‍ പൂര്‍ത്തിയാക്കുകയും ബാക്കി ഭാഗം കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുകയും ചെയ്തിരുന്നെങ്കിലും കരാറുകാരൻ തുടർന്നും പ്രവൃത്തി പൂർത്തിയാകാത്ത സാഹചര്യം ഉണ്ടായി.
തുടര്‍ന്ന്, ആദ്യം റോഡ് പണി കരാറെടുത്ത എറണാകുളത്തെ ഡീൻ കൺസ്ട്രക്ഷനെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ വീഴ്ചയുടെ പേരില്‍ 'റിസ്‌ക് ആൻഡ് കോസ്റ്റ്' (കരാറുകാരുടെ നഷ്ട ഉത്തരവാദിത്തത്തില്‍) വ്യവസ്ഥ ബാധകമാക്കി കഴിഞ്ഞ ഡിസംബര്‍ അവസാനം ഒഴിവാക്കുകയും റോഡുപണി റീടെന്‍ഡര്‍ ചെയ്യുകയുമായിരുന്നു. പിന്നീടുള്ള പ്രവൃത്തിയുടെ ഓരോഘട്ടത്തിലും മന്ത്രിഓഫീസിൽ നിന്നും നേരിട്ടുള്ള ഇടപെടൽ ഉണ്ടായി. ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച 24 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണം നാലുമാസംകൊണ്ടാണ് പൂര്‍ത്തിയായത്. ഉൌരാളുങ്കൽ ലേബർ കോൺട്രാക്ട് സൌസൈറ്റിയാണ് രണ്ടാമത് ടെണ്ടർ എടുത്ത് പ്രവൃത്തി പൂർത്തീകരിച്ചത്.
പൂര്‍ണമായും ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ച ഈ മലയോര റോഡിന്റെ ഇരുവശത്തും ഓടകളും (ഐറിഷ് ഡ്രെയിന്‍) ജലനിര്‍ഗമന മാര്‍ഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കേടുപറ്റിയ കലുങ്കുകളും സംരക്ഷണഭിത്തികളും പുനര്‍നിര്‍മിച്ചിട്ടുണ്ട്. റോഡ് മാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തീകരിച്ച് ജൂൺ 7 ബുധനാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും.
പി എ മുഹമ്മദ് റിയാസ്
-------------------------
പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം എംഎൽഎയുടെയും ജനങ്ങളുടെയും ഭാഗത്ത് നിന്നും വലിയതോതിൽ ഉന്നയിച്ച പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട - വാഗമണ്‍ റോഡിന്റെ ശോചനീയാവസ്ഥ. കോട്ടയം - ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതകൂടിയാണിത്. തകർന്ന റോഡിലൂടെയുള്ള യാത്ര വലിയ ചർച്ചാവിഷയമായിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ 19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഇപ്പോൾ റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായിരിക്കുകയാണ്. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നു.