പശ്ചിമഘട്ടത്തില്‍ മാത്രമാകുന്ന പരിസ്ഥിതി

Jun 5, 2023 - 13:39
Jun 5, 2023 - 13:53
 0
പശ്ചിമഘട്ടത്തില്‍ മാത്രമാകുന്ന പരിസ്ഥിതി
മനോജ് മാതിരപ്പള്ളി ( മാധ്യമ പ്രവർത്തകൻ)
This is the title of the web page

മനോജ് മാതിരപ്പള്ളി

പരിസ്ഥിതി വീണ്ടുവിചാരങ്ങളുടെ ദിനമാണ് ജൂണ്‍ അഞ്ച്. പശ്ചിമഘട്ടത്തിലെ വനനശീകരണത്തെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ചെല്ലാം വര്‍ത്തമാനകേരളത്തിലെ പാരിസ്ഥിതിക ബുദ്ധിജീവികള്‍ വേവലാതിപ്പെടുന്ന ദിവസം. ഇത്തരം ചര്‍ച്ചകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും പലപ്പോഴും കോര്‍ണര്‍ ചെയ്യപ്പെടുന്നത് ഹൈറേഞ്ചിലെ കുടിയേറ്റജനതയാണ്. അരിക്കൊമ്പനെ പോലെയുള്ള അപകടകാരികളായ വന്യജീവികള്‍ കാടിറങ്ങിയാലും ഉരുള്‍പൊട്ടിയാലും പ്രളയമുണ്ടായാലും അന്തരീക്ഷ താപനില ഉയര്‍ന്നാലുമെല്ലാം പഴികേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ള ഇത്തരം പ്രചാരണം കൂടുതല്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധം പ്രതിരോധത്തിന് മലയോരജനതയും തയ്യാറെടുക്കേണ്ടതുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിസ്ഥിതിയെന്നാല്‍ പശ്ചിമഘട്ടം മാത്രമാണെന്നാണ് പലരുടെയും ധാരണ. അല്ലെങ്കില്‍, അങ്ങനെ വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. മലമുകളിലെ കാടും പുഴകളും മാത്രമല്ല, തീരദേശവും ഇടനാടും കായലും കടലും കണ്ടല്‍വനങ്ങളുമെല്ലാം ഈ നാടിന്റെ പരിസ്ഥിതിയുടെ ഭാഗമാണ്. അതൊക്കെ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പരിശോധിച്ചാല്‍, മലമുകളിലേക്ക് നോക്കി രോഷാകുലരാവുന്നവര്‍ക്ക് നേരെ നമുക്കും മറുചോദ്യം ഉയര്‍ത്താം. ഒരൊറ്റ ഉദാഹരണം മാത്രം. 2013-ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലൂടെ തൊട്ടുമുന്‍പുള്ള ഏഴു പതിറ്റാണ്ടിനുള്ളില്‍ കയ്യേറ്റം മൂലം വേമ്പനാട്ട് കായലിന്റെ വിസ്തൃതി 43 ശതമാനം കുറഞ്ഞതായി കണ്ടെത്തി. ഇക്കാലത്ത്, കായലിന്റെ ജലവാഹകശേഷി 78 ശതമാനവും 88 മീറ്ററായിരുന്ന ആഴം ശരാശരി 33.5 മീറ്ററായും കുറഞ്ഞു. 150 ഇനമായിരുന്ന കായല്‍മത്സ്യങ്ങള്‍ 15 ഇനങ്ങളായി ചുരുങ്ങി. ഇതൊന്നും ഇവിടുത്തെ പരിസ്ഥിതിപ്രവര്‍ത്തകരെ വേവലാതിപ്പെടുത്തുന്നില്ല. പശ്ചിമഘട്ടത്തിലെ കുടിയേറ്റജനതയെ മലയിറക്കണമെന്ന് മാത്രമാണ് എല്ലായ്‌പ്പോഴും അവരുടെ വാദം.

കേരളത്തിന്റെ മറ്റെല്ലാ ഭാഗത്തും സംഭവിച്ചതുപോലെയുള്ള വനനശീകരണവും പാരിസ്ഥിതികനാശവും ഹൈറേഞ്ചിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കുടിയേറ്റകര്‍ഷകര്‍ മാത്രമാണോ അതിന്റെ ഉത്തരവാദികള്‍ എന്നതാണ് പ്രസക്തമായ ചോദ്യം. പീരുമേട്ടിലും കണ്ണന്‍ദേവന്‍ മലകളിലുമുള്ള ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി തോട്ടവ്യവസായത്തിനായി വിട്ടുകൊടുത്തത് ആരാണ്? ഇടുക്കി ജില്ലയില്‍ മാത്രം ചെറുതും വലുതുമായ ഇരുപതോളം അണക്കെട്ടുകള്‍ക്കുവേണ്ടി വെട്ടിനശിപ്പിച്ചതത്രയും മഴക്കാടുകള്‍ ആയിരുന്നു. വനനശീകരണം നടത്തിയ മലയോരകര്‍ഷകരെ കുടിയിറക്കണമെന്ന് വാദിക്കുന്നവരാരും ഇടുക്കി അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നോ പദ്ധതിപ്രദേശം വീണ്ടും വനഭൂമിയാക്കി മാറ്റണമെന്നോ ഒരിക്കല്‍ പോലും ആവശ്യപ്പെടുന്നില്ല. അങ്ങനെ സംഭവിച്ചാല്‍, താന്‍ ഉള്‍പ്പെടെ കേരളം മുഴുവന്‍ ഇരുട്ടിലാകുമെന്ന് എല്ലാ പ്രകൃതിസ്‌നേഹികള്‍ക്കും അറിയാം. അവനവന്റെ നിലനില്‍പ്പിനെ ബാധിക്കാത്ത കാര്യങ്ങളിലാണ് എല്ലാവര്‍ക്കും താല്‍പ്പര്യം.

ഇന്നത്തെ തിരുവനന്തപുരവും കൊച്ചിയും തൃശ്ശൂരുമെല്ലാം ഉള്‍പ്പെടുന്ന നഗരപ്രദേശങ്ങള്‍ ഒരുകാലത്ത് ആനയും പോത്തും പുലിയുമൊക്കെയുള്ള കാടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിദേശസഞ്ചാരികളുടെ വിവരണങ്ങളും ഔദ്യോഗികരേഖകളും ഇപ്പോഴും ലഭ്യമാണ്. ഹൈറേഞ്ചിലേക്ക് കര്‍ഷകര്‍ കുടിയേറുന്നതിനും മുന്‍പേ കാടുവെട്ടിത്തെളിച്ചും വന്യജീവികളെ കൊന്നൊടുക്കിയും ജനവാസകേന്ദ്രങ്ങള്‍ സൃഷ്ടിച്ചവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴത്തെ നഗരവാസികള്‍. അതിനും എത്രയോ കാലത്തിന് ശേഷമായിരുന്നു ഭരണകൂടങ്ങളുടെ നിര്‍ദ്ദേശപ്രകാരം ഹൈറേഞ്ചിലേക്കുള്ള കര്‍ഷകകുടിയേറ്റം. നശിച്ച കാട് വീണ്ടെടുക്കാനാണെങ്കില്‍ അത് ഹൈറേഞ്ചില്‍ മാത്രമല്ല, എല്ലായിടത്തും വേണം. മലയിലും സമതലങ്ങളിലും ഒരേ നീതിയും ന്യായവുമാണല്ലോ നടപ്പാക്കേണ്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും കാരണം പശ്ചിമഘട്ടത്തിലെ കുടിയേറ്റ കര്‍ഷകരാണെന്ന വാദവും സാധൂകരിക്കത്തക്കതല്ല. കൊടുങ്ങല്ലൂര്‍ തുറമുഖം മണ്ണടിഞ്ഞ് നികന്നുപോകാന്‍ കാരണമായ 1341-ലെ വെള്ളപ്പൊക്കത്തിന്റെയും, 1789-ല്‍ ദക്ഷിണകേരളത്തിലേക്കുള്ള ടിപ്പുസുല്‍ത്താന്റെ പടനീക്കം തടഞ്ഞ പ്രളയത്തിന്റെയും, മൂന്നാര്‍ മലകളിലെ തീവണ്ടി ഗതാഗതം ഉള്‍പ്പെടെ സര്‍വ്വതും തകര്‍ത്തെറിഞ്ഞ 1924-ലെ വെള്ളപ്പൊക്കത്തിന്റെയും കാലത്ത് ഹൈറേഞ്ചിലെമ്പാടും ഉരുള്‍പൊട്ടലുകളുടെ പരമ്പരയായിരുന്നു. എന്നാല്‍, അന്നൊന്നും ഇവിടുത്തെ മലമടക്കുകളിലേക്ക് കര്‍ഷകജനത എത്തിയിരുന്നില്ല. സമീപകാലത്തുണ്ടായ പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ ഉറവിടം പരിശോധിച്ചാല്‍ അത് ജനവാസകേന്ദ്രത്തില്‍നിന്നും അകലെയുള്ള കാട്ടിലായിരുന്നുവെന്നും കാണാം.

പരിസ്ഥിതിദിനത്തില്‍ മാത്രം വൃക്ഷത്തൈകള്‍ വെച്ചുകൊണ്ട് ഭൂമിയെ ഹരിതകമ്പളം പുതപ്പിക്കാന്‍ ഇറങ്ങുന്നവരാണ് പ്രകൃതിസ്‌നേഹികളില്‍ പലരും. എന്നാല്‍, മലയോരകര്‍ഷകര്‍ക്ക് അത് ദിനചര്യയാണ്. കാര്‍ഷികവിളകള്‍ക്കൊപ്പം ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം അവര്‍ വന്‍തോതില്‍ നട്ടുപിടിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് പശ്ചിമഘട്ടം എല്ലായ്‌പ്പോഴും ഹരിതാഭമായി നില്‍ക്കുന്നത്. എങ്കിലും, മാരക കീടനാശിനികളുടെയും അശാസ്ത്രീയമായ വളപ്രയോഗത്തിന്റെയുമൊക്കെ കാര്യത്തില്‍ നാം കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതുണ്ട്. കൃഷിയിടത്തിലെ രാസാംശങ്ങള്‍ നമ്മുടെ ജലസ്രോതസുകളിലേക്കും ഭക്ഷ്യവിളകളിലേക്കും പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതിനായുള്ള ഒരു ഓര്‍മ്മപ്പെടുത്തലാവട്ടെ ഇത്തവണത്തെ പരിസ്ഥിതിദിനം.

What's Your Reaction?

like

dislike

love

funny

angry

sad

wow