മൂന്നാർ പുഷ്പമേളയിൽ സഞ്ചാരികളുടെ തിരക്കേറുന്നു; വിദേശരാജ്യങ്ങളിൽ നിന്നും മൂന്നാറിൽ നിന്നുമുള്ള പതിനായിരത്തിലധികം ചെടികളും പൂക്കളും മേളയിൽ ഒരുക്കിയിരിക്കുന്നു
കാഴ്ചയുടെ വസന്തം ഒരുക്കി മൂന്നാർ പുഷ്പമേള
മൂന്നാറിൽ നടക്കുന്ന പുഷ്പമേളയിൽ സഞ്ചാരികളുടെ തിരക്കേറുന്നു, ദേവികുളം റോഡിലെ ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ ആണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്.
അവധിക്കാലമാസ്വദിക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുഷ്പ മേള നടത്തുന്നത്. സെൽഫി പോയിന്റുകൾ,ലൈറ്റുകളുടെ വർണ്ണകാഴ്ചകൾ,ഭക്ഷ്യമേള,വിവിധ കലാപരിപാടികൾ, വിപണന മേള എന്നിവയും സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു.
ടൂറിസം വകുപ്പ് ,ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്തുകൾ, ഹോട്ടൽ സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. എല്ലാദിവസവും വൈകിട്ട് 6 മണി മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. നിരവധി സഞ്ചാരികളാണ് ഇവിടെ എത്തി സമയം ചിലവഴിക്കുന്നത്.
വിദേശരാജ്യങ്ങളിൽ നിന്നും മൂന്നാറിൽ നിന്നുമായുള്ള പതിനായിരത്തിലധികം ചെടികളും പൂക്കളുമാണ് മേളക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ നിറത്തിലുള്ള റോസാപുഷ്പങ്ങളും ഡാലിയ പൂക്കളുമാണ് പുഷ്പമേളയിലെ പ്രധാന ആകർഷണം. സഞ്ചാരികളുടെ കണ്ണിന് കൗതുകമേകി മ്യൂസിക്കൽ ഫൗണ്ടനും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.