ബഫര്‍ സോണിനും പട്ടയപ്രശ്നങ്ങള്‍ക്കും കൂടാതെ കാട്ടാനയും കടുവയും ജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്നു : മലയോര കാര്‍ഷിക മേഖലകളില്‍ ആശങ്ക
ബഫര്‍ സോണിനും പട്ടയപ്രശ്നങ്ങള്‍ക്കും പിന്നാലെ, കാട്ടുപോത്തും കാട്ടാനയും കടുവയും ജീവനു ഭീഷണിയായി നാട്ടിലിറങ്ങുന്നത് പതിവായതോടെ കേരളത്തിലെ മലയോര കാര്‍ഷിക മേഖലകളില്‍ ആശങ്ക പുകയുകയാണ്. മാസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാടുകടത്തിയ അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് മടക്കയാത്ര തുടങ്ങിക്കഴിഞ്ഞു.
കാട്ടുപോത്തിന്റെ കുത്തേറ്റ് 3 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവത്തോടെ കര്‍ഷകരോഷം അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. ജീവന് കയ്യില്‍പ്പിടിച്ചാണ് വനാതിര്‍ത്തികളില്‍ ജനജീവിതം. കണമലയിലെ കൊലയാളി കാട്ടുപോത്തിനു പിന്നാലെ, പത്തനംതിട്ടയുടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കടുവ മനുഷ്യരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. വളര്‍ത്തുമൃഗങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുമ്പോള്‍ കര്‍ഷകരുടെ ജീവിതമാര്‍ഗവും അടയുകയാണ്. ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് കര്‍ഷകജീവിതം.