അദാലത്തിലൂടെ ലക്ഷ്യമിടുന്നത് ജനകീയ പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിത പരിഹാരം: മന്ത്രി റോഷി അഗസ്റ്റിന്‍
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ജനകീയപ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പീരുമേട് താലൂക്ക്തല പരാതിപരിഹാര അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യ വികസന രംഗത്ത് വലിയ പുരോഗതി സാധ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സാധരണക്കാരയ ജനങ്ങളുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായാണ് സര്‍ക്കാര്‍ എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ കഴിഞ്ഞ രണ്ട് അദാലത്തുകളിലായി ഒട്ടേറെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. വേദികളില്‍ സ്വീകരിക്കപ്പെടുന്ന പുതിയ പരാതികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. അതുകൊണ്ടുതന്നെയാണ് പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ജനങ്ങള്‍ക്കരിലേക്ക് എത്തുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും സുപ്രധാനമായ തീരുമാനങ്ങളിലൊന്നാണ് എല്ലാ താലൂക്കുകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. ഭരണപുരോഗതി വിലയിരുത്തുന്നതിനായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. സമാനതകളില്ലാത്ത വികസനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കിക്കൊണ്ടാവും ഈ സര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.
അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് സ്വാഗതം ആശംസിച്ചു. വാഴൂര്‍ സോമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാലതി, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശന്‍, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.