മസിനഗുഡിയില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
ഊട്ടിക്കടുത്തുള്ള മസിനഗുഡിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മണിയാണ് (50) മരിച്ചത്.ഇന്നലെ രാവിലെ 5.45നാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.നീലഗിരി ജില്ലയിലെ മുതുമല ടൈഗർ റിസർവിന്റെ പുറത്ത് വനമേഖലയിലാണ് മണി എന്ന മണികണ്ഠൻ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.വീട്ടില്‍നിന്നു മസിനഗുഡിയിലെ ചായക്കടയിലേക്ക് പോയതായിരുന്നു. ആ സമയത്ത് കാട്ടില്‍നിന്ന് പുറത്തുവന്ന് റോഡില്‍ അലഞ്ഞുനടന്ന കാട്ടാന മണിയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മണി മരിച്ചു.പ്രദേശവാസികള്‍ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ തുരത്തി. മരിച്ചയാളുടെ കുടുംബത്തിന് സർക്കാരില്‍നിന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: പാർവതി. രണ്ടു മക്കളുണ്ട്.

