പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രതപാലിക്കാം
ഇടുക്കി ജില്ലയുടെ സമീപ ജില്ലകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും, പടര്‍ന്നുപിടിക്കാനും സാധ്യതഉള്ളതുമായ ഒരിനം രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളെയും ബാധിക്കാമെങ്കിലും വീട്ടിലോ, ഫാമുകളിലോ വളര്‍ത്തുന്ന താറാവ്, കോഴി, കാട, വാത്ത തുടങ്ങിയവയെയാണ് ഈ രോഗം അധികം ബാധിക്കാറുള്ളത്.
പക്ഷികളില്‍ രോഗലക്ഷണങ്ങള്‍ ലഘുവായോ മാരകമായോ കാണപ്പെടാം. കൂടുതലായി തൂവല്‍കൊഴിയുക, കട്ടി കുറഞ്ഞ തോടോടുകൂടിയ മുട്ടയിടുക, മുട്ടയിടുന്നത് കുറയുക, മന്ദത, തീറ്റയെടുക്കാന്‍ മടിക്കുക, പക്ഷിയുടെ പൂവ് ,കൊക്ക് തുടങ്ങിയ ഭാഗങ്ങളില്‍ നീലനിറം ഉണ്ടാവുക, വയറിളക്കം, കണ്‍പോളകള്‍ക്കും തലയിലും നീര്‍ക്കെട്ട് ഉണ്ടാവുക, നാസേന്ദ്രീയങ്ങളില്‍ കൂടി രക്തം കലര്‍ന്ന സ്രവമുണ്ടാവുക, ശ്വാസതടസ്സം, നടക്കാനും നില്‍ക്കാനുമുള്ള ബുദ്ധിമുട്ട്, ശരീരഭാഗങ്ങളില്‍ സൂചിപ്പാടുകള്‍ പോലെയുള്ള രക്തസ്രാവം, ശ്വാസംമുട്ടല്‍ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് പക്ഷി ചത്തുപോകുന്നു.
രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളില്‍ കൂടി വൈറസ് പുറത്തുവരുന്നു. ഇവ വായുവിലൂടെയും,മലിനമാക്കപ്പെട്ട തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട് രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി,മുട്ട ഇവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഇവയിലൂടെയൊക്കെ അണുബാധയുണ്ടാകാം. ഇവയുമായുള്ള സമ്പര്‍ക്കവും വൈറസുകള്‍ ഉള്‍ക്കൊള്ളുന്ന സൂക്ഷ്മകണികകള്‍ ശ്വസിക്കുന്നതിലൂടെയുമാണ് രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്.
*പക്ഷികളില്‍ നിന്നും പക്ഷിപ്പനി പകരാന്‍ സാധ്യതയുള്ളവര്‍*
പക്ഷികളുടെഇറച്ചി, മുട്ട, പക്ഷിവളം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഫാമുകളിലെയും കച്ചവടകേന്ദ്രങ്ങളിലെയും ജീവനക്കാര്‍
പക്ഷിപനിബാധിച്ച പ്രദേശങ്ങളില്‍ പക്ഷികളെ കൊല്ലാന്‍ നിയോഗിക്കപ്പെടുന്നവര്‍
പക്ഷികളുമായി ഇടപഴകുന്ന വെറ്ററിനറിജീവനക്കാര്‍
*രോഗലക്ഷണങ്ങള്‍ മനുഷ്യരില്‍*
ശക്തമായപനി,ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് ,തലവേദന, ദേഹവേദന,ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഇതേ തുടര്‍ന്ന് പലപ്പോഴും രോഗം ഗുരുതരമാവുകയും ന്യൂമോണിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും മരണകാരണമാകുന്നതാണ്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സതേടുക, സ്വയംചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം),ഇടുക്കി അറിയിച്ചു.
*പക്ഷിപ്പനി തടയാന്‍*
* പക്ഷികള്‍ക്ക് രോഗബാധ ഉണ്ടായാല്‍ വെറ്ററിനറി ജീവനക്കാരുടെയോ ആരോഗ്യവകുപ്പ് ജീവനക്കാരുടെയോ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവയെ നശിപ്പിക്കുക
* പക്ഷിഫാമുകളില്‍ ജോലിചെയ്യുന്നവരും പക്ഷികളുടെ വിസര്‍ജ്യം കൈകാര്യംചെയ്യുന്നവരും മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കുക.
* വിസര്‍ജ്യങ്ങള്‍ അണുവിമുക്തമാക്കിയതിനു ശേഷം കുഴിച്ചിടുക
* അണുബാധയുള്ള പക്ഷികളുമായും അവയുടെ വിസര്‍ജ്യം ജഡംഎന്നിവ കൈകാര്യം ചെയ്യുന്നവരും മുഖാവരണം, കൈയുറകള്‍, തൊപ്പി, ബൂട്ടുകള്‍ തുടങ്ങിയവ ധരിച്ച് സുരക്ഷിതരാവുക
* അറവുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ആഴത്തില്‍ കുഴിച്ച്മൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുക
* പക്ഷികളെയും മുട്ട, ഇറച്ചി തുടങ്ങിയവയും പക്ഷിപ്പനിബാധയുള്ള പ്രദേശത്ത് നിന്നും മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് പൂര്‍ണ്ണമായും തടയുക
* പക്ഷികളുമായുള്ള സമ്പര്‍ക്കം എല്ലാവരും കഴിവതും ഒഴിവാക്കുക പ്രത്യേകിച്ചും കുട്ടികള്‍ കോഴികള്‍ താറാവുകള്‍ മറ്റുപക്ഷികള്‍ തുടങ്ങിയവയുമായി ഇടപഴകുന്നതും അവയെപിടിക്കുന്നതും ഒരുമിച്ച് കളിക്കുന്നതും ഒഴിവാക്കുക
* പക്ഷികളുടെ ഇറച്ചിയും മുട്ടയും നല്ലവണ്ണം പാചകംചെയ്തുമാത്രം ഭക്ഷിക്കുക. വേവിക്കാത്തതോ പാതിവേവിച്ചതോ ആയ പക്ഷിഇറച്ചിയും മുട്ടയും (ഉദാഹരണം -ബുള്‍സ്‌ഐ, വാട്ടിയമുട്ട) പൂര്‍ണമായിഒഴിവാക്കുക.



