കാൽവരിമൗണ്ടിനെ കളറാക്കാൻ ടൂറിസം ഫെസ്റ്റ്, കാണാം കല്യാണത്തണ്ട് മലനിരകളും അത്ഭുത കാഴ്ചകളും
ഇടുക്കിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കാൽവരിമൗണ്ടിൽ ജനുവരി 20 മുതൽ 26 വരെ നടത്തുന്ന കാൽവരിമൗണ്ട് ടൂറിസംഫെസ്റ്റിന് സംഘാടകസമിതി രൂപവത്കരിച്ചു. ഡിടിപിസിയും വിനോദസഞ്ചാരവകുപ്പും ജില്ലാഭരണകൂടവും കമാക്ഷി പഞ്ചായത്തും ചേർന്നാണ് കാൽവരിമൗണ്ട് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിന്റെ സംഘാടകസമിതിയുടെ രക്ഷാധികാരികളായി ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മന്ത്രി റോഷി അഗസ്റ്റിൻ, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് കാൽവരിമൗണ്ട് സെയ്ൻ്റ് ജോർജ് ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് എന്നിവരെയും ചെയർപേഴ്സണായി കമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, വൈസ്ചെയർമാൻമാരായി മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബെന്നി കുന്നേൽ, കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജോസ് തൈച്ചേരി എന്നിവരെയും തിരഞ്ഞെടുത്തു. നിറം പകരാൻ കല്യാണത്തണ്ടും
വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകൾ മുന്നിൽകണ്ട് നാടിന്റെ സമഗ്രവികസനത്തിന് മുൻതൂക്കം നൽകി നടത്തിവരുന്ന കാൽവരിമൗണ്ട് ഫെസ്റ്റ് ജനങ്ങൾക്കാവേശമാണ്. കട്ടപ്പനയിലെ സുവർണഗിരിക്കുന്നുകൾ മുതൽ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ കുറത്തിമലവരെ 18 കിലോമീറ്റർ നീളുന്ന കല്യാണത്തണ്ട് മലനിരകളും കാഴ്ചകളും ഹൃദ്യമാണ്. കല്യാണത്തണ്ടിൽനിന്നുള്ള ഉദയാസ്തമനക്കാഴ്ചകൾ മനംകവരുന്നതാണ്. ഗിരിനിരകളെ തൊട്ടുരുമ്മി സഞ്ചരിക്കുന്ന മേഘങ്ങളും അവയുടെ തടാകക്കാഴ്ചയും പ്രത്യേക അനുഭവം നല്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെയും റിസർവോയറിന്റെയും പൂർണദൃശ്യങ്ങളും ഇവിടെനിന്നാൽ ആസ്വദിക്കാം. അതുകൊണ്ടുതന്നെ ഇവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും ദിനംപ്രതി വർധിച്ചുവരുന്നു.




