തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ കളക്ടർ അധ്യക്ഷനായി മോണിറ്ററിംഗ് സമിതി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുന്നതിനും പരാതികളിൽ ഉടൻ പരിഹാരനടപടി സ്വീകരിക്കുന്നതിനും ജില്ലാ തലത്തിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ ചെയർമാനും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ കൺവീനറുമാണ്. ജില്ലാ പോലീസ് മേധാവി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവരാണ് അംഗങ്ങൾ.
പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതിന് കമ്മറ്റി പ്രത്യേകം ശ്രദ്ധിക്കും. കുറ്റക്കാർക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും.


