അടിമാലി - നത്തുകല്ല്, ചേലച്ചുവട് -വണ്ണപ്പുറം റോഡുകളുടെ നവീകരണം: ടെന്‍ഡര്‍ വിളിച്ചു

ഇടുക്കി നിയോജക മണ്ഡലത്തിലെ രണ്ടു പ്രധാന റോഡുകളായ അടിമാലി - നത്തുകല്ല്, ചേലച്ചുവട് -വണ്ണപ്പുറം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു താല്‍പ്പര്യമുള്ളവര്‍ക്ക് അടുത്ത മാസം 8 വരെ ടെന്‍ഡറില്‍ പങ്കെടുക്കാം. 10ന് തിരുവനന്തപുരത്തുള്ള കെആര്‍എഫ്ബി പ്രോജക്ട് ഓഫീസില്‍ വച്ച് ടെക്‌നിക്കല്‍ ബിഡ് പരിശോധിക്കും.
ടെക്‌നിക്കല്‍ സാങ്ഷന്‍ കമ്മിറ്റിയാണ് ഇതു പരിശോധിക്കുക. തുടര്‍ന്ന് ഫിനാന്‍സ് ബിഡ് ഓപ്പണ്‍ ചെയ്യും. പരിശോധനയില്‍ യോഗ്യരായവരില്‍ നിന്ന് സര്‍ക്കാരിന്റെ ടെന്‍ഡര്‍ അപ്രൂവല്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന കരാറുകാരന് സെലക്ഷന്‍ നോട്ടീസ് നല്‍കും (ലെറ്റര്‍ ഓഫ് അക്‌സപ്റ്റന്‍സ്). കരാറുകാരന് നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ കരാര്‍ ഒപ്പിട്ടു നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇരു റോഡുകളും ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നതിനായി 107.07 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്. മണ്ഡലത്തിലെ പ്രധാന റോഡ് പദ്ധതികളായ ചേലച്ചുവട് - വണ്ണപ്പുറംറോഡിന് 52.01 കോടിയും, നത്തുകല്ല് അടിമാലി റോഡിന് 55.06 കോടിരൂപയുടെയും ധനാനുമതി നല്‍കിയിട്ടുള്ളത്. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) മുഖേനയാണ് നിര്‍മാണം നടത്തുന്നത്.