വൃദ്ധനെ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. കാമാക്ഷി സ്വദേശി അക്കരപ്പറമ്പിൽ ബിജു ആന്റണിയാണ് അറസ്റ്റിലായത്
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലെത്തിയ പ്രതി അയൽവാസിയായ ഏത്തക്കാട്ട് മാത്യുവിനെയും ഭാര്യയെയും ഇവരുടെ വീട്ടിൽ കയറി ആക്രമിയ്ക്കുകയായിരുന്നു. കല്ലു കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാത്യു അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. മാത്യുവിന്റെ പരാതിയിൽ തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് സമീപത്ത് കൂട്ടുകാരുമായി മദ്യപിക്കാൻ നിർമ്മിച്ചിരുന്ന ഷെഡിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പ്രതിക്കെതിരെ തങ്കമണി പോലീസിൽ നിരവധി കേസുകൾ ഉണ്ട്. തങ്കമണി പോലീസ് ഇൻസ്പെക്ടർ കെ.എം.സന്തോഷ്, എ.എസ്.ഐ. എൽദോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിബിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.