ഹൈറേഞ്ചിൽ സർക്കാർ ആശുപത്രിയിലെ വാഹനങ്ങൾ കട്ടപ്പുറത്ത്. ആരോഗ്യപ്രവർത്തകരുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു
ആരോഗ്യ വകുപ്പിന്റെ വാഹനങ്ങൾ കട്ടപ്പുറത്തായതോടെ ഹൈറേഞ്ചിലെ പ്രതിരോധ പ്രവർത്തനങ്ങൾ താളം
തെറ്റി.47 ൽ 32 വാഹനങ്ങളും കട്ടപ്പുറത്താണ്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും ഹൈറേഞ്ചിലെ
ആശുപത്രികളിലേതാണ്. ഇതോടെ തോട്ടം - ആദിവാസി മേഖലകളിൽ അടക്കം ഉൾനാടൻ മേഖലകളിലെ പ്രതിരോധ കുത്തിവയ്പ്, മെഡിക്കൽ ക്യാമ്പ് , കിടപ്പു രോഗികളുടെ പരിചരണം തുടങ്ങിയ എല്ലാ രോഗ പ്രതിരോധ പ്രവർത്തനങ്ങളും മുടങ്ങി. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന കേന്ദ്ര സർക്കാർ നിയമം പ്രാബല്യത്തിൽ വന്നതോടെ 2023 മാർച്ച് 31 മുതൽക്കാണ് വാഹനങ്ങൾ കട്ടപ്പുറത്തായത് . ഉപ്പുതറ ബ്ലോക്ക് സി.എച്ച് സി.ക്കു കീഴിലുള്ള കട്ടപ്പന താലൂക്ക് ആശുപത്രിയുടേയും, വണ്ടൻമേട് സി എച്ച് സി യുടേയും അടക്കം ഹൈറേഞ്ചിലെ പ്രധാന കേന്ദ്രങ്ങളിലെ ഒൻപത് ആശുപത്രികളുടെ വാഹനങ്ങൾ നിരത്തിലിറക്കുന്നില്ല. വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനവും അവതാളത്തിലായി. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ രോഗാവസ്ഥ അവലോകനം ചെയ്യേണ്ടത് ഉപ്പുതറ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറാണ്. അദ്ദേഹത്തിന്റെ കീഴിലുള്ള മെഡിക്കൽ സംഘം എത്തി വേണം പരിശോധനയും അവലോകനവും നടത്താൻ. അത്യാവശ്യ ഘട്ടങ്ങളിൽ സ്വന്തം വാഹനത്തിൽ പോകേണ്ട ഗതികേടിലാണവരിപ്പോൾ.വനമേഖലയിലെ ആദിവാസി കുടികൾ അടക്കമുള്ള ഉൾപ്രദേശങ്ങളിൽ പോകണമെങ്കിൽ ജീപ്പു തന്നെ വേണം. ഇതു കാരണം പലപ്പോഴും ഇവിടെ പോകാൻ കഴിയുന്നില്ല. സബ് സെന്ററുകളിൽ പോകാനും കഴിയുന്നില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പരിഹാരമുണ്ടാകാത്തതിൽ ആരോഗ്യ പ്രവർത്തകരും , നാട്ടുകാരും ആശങ്കയിലാണ്.