ഇടുക്കിയിലെ പത്ത് ചെയിൻ മേഖലകളിലെ പട്ടയ വിതരണത്തിൽ വീണ്ടും അനിശ്ചിതത്വം

ഇടുക്കിയിലെ ജല സംഭരണികളിലെ പരമാവധി ജല നിരപ്പിൽ നിന്നും 10 ചെയിൻ പ്രദേശം കൂടി ഏറ്റെടുക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ 1974 ൽ നടപടി വൈദ്യുതി വകുപ്പ് വേണ്ടെന്ന് വെച്ചു. ഈ മേഖലയിൽ കൃഷി ചെയ്തു താമസിയ്ക്കുന്ന കർഷകർക്ക് ഇതുവരെയും പട്ടയം വിതരണം ചെയ്തിട്ടില്ല. ഇത്തരത്തിൽ കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ മൂന്ന് ചെയിൻ മേഖലകളിലും കല്ലാർകുട്ടി ഡാമിന്റെ പരിധിയിലെ 10 ചെയിൻ മേഖലയിലും പട്ടയം നൽകാനുണ്ട്.
1982 ഇൽ മേഖലയിലെ പട്ടയ നടപടികൾ ആരംഭിയ്ക്കുകയും 2017 ഇൽ മേഖലയിലെ കർഷകർക്ക് പട്ടയം നൽകാൻ തടസങ്ങൾ ഇല്ലെന്ന റിപ്പോർട് കളക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കു സമർപ്പിച്ചു. എന്നാൽ ഈ മേഖല ഒഴിവാക്കിയാണ് കഴിഞ്ഞ കാലങ്ങളിൽ പട്ടയം നൽകിയത്. നിലവിൽ 10 ചെയിൻ, മൂന്ന് ചെയിൻ മേഖലകളിൽ പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കുന്നുണ്ടെങ്കിലും വൈദ്യുതി ബോർഡിന്റെ അനുമതി വേണമെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇതോടെ നടപടികൾ വീണ്ടും ഫയലിൽ കുരുങ്ങിയിരിയ്ക്കുകയാണ്.