സന്യാസിനികളുടെ അറസ്റ്റ് ഭരണഘടനാവിരുദ്ധം: ഇടുക്കി രൂപതാ ജാഗ്രതാ സമതി.

കരിമ്പൻ: ഛത്തീസ്ഗഢിൽ മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ജനാധിപത്യവിരുദ്ധവും, ഭരണഘടനാ ലംഘനമെന്ന് ഇടുക്കി രൂപതാ ജാഗ്രതാ സമിതി.
ഭാരതത്തിൻ്റെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും, ആദിവാസി ഗോത്രമേഖലകളിലും തികച്ചും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന മിഷനറി ശുശ്രുഷകരെ അറസ്റ്റ് ചെയ്ത് ജയിലടച്ച നടപടി അംഗികരിക്കാവുന്നതല്ല. ആതുരശുശ്രൂഷകളിലും, വിദ്യാഭ്യാസ മേഖലകളിലും ഇവർ ചെയ്യുന്ന സേവനങ്ങൾ ഏറ്റവും മികച്ചതും, മനുഷ്യത്വപരവുമാണ്. ഭാരതത്തിൻ്റെ വികസനമെത്താത്ത അവികസിത ഗ്രാമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ മറ്റാരും തയ്യാറാകാത്ത സാഹചര്യത്തിൽ പിറന്ന നാടും, ബന്ധുക്കളെയുമുപേക്ഷിച്ച് സേവനം ചെയ്യുന്ന സന്യസ്ഥരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കനത്ത പ്രഹരമാണ്.
വർഗ്ഗീയവാദികളുടെ ജനക്കൂട്ട വിചാരണയും അവിടെ മൗനം പാലിച്ച പോലീസ് നടപടിയും ഒരുപോലെ അപകടകരവും, ആശങ്കയുളവാക്കുന്നതുമാണ്. സഭാ വസ്ത്രങ്ങൾ ധരിച്ച് വടക്കേയിന്ത്യയിൽ കൂടി സഞ്ചരിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് പല പ്രദേശത്തുമുള്ളത്. ഗ്രാമീണ മേഖലകളിലെ സാമൂഹിക സേവന പ്രവർത്തനങ്ങളെ മതപരിവർത്തന ശ്രമങ്ങളായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങളും ആശങ്കയുളവാക്കുന്നതാണ്. ക്രിസ്ത്യൻ മിഷനറിമാരെയും, പുരോഹിത, സന്യാസികളേയും കൊലപ്പെടുത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ബി.ജെ.പി.എം.എൽ.എയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഈ സംഭവം ഉണ്ടായതെന്നതും കൂടുതൽ ആശങ്കയുളവാക്കുന്നു.
സ്ത്രീത്വത്തെ പോലും അപമാനിക്കുന്ന ഈ നടപടിയെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി ന്യായീകരിച്ചതും ഏറെ ആശങ്കാജനകമാണന്നും യോഗം വിലയിരുത്തി.
ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ അംഗികരിക്കാൻ കഴിയില്ലെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇടുക്കി രൂപതാ കേന്ദ്രത്തിൽ കൂടിയ ജാഗ്രതാ സമതി യോഗത്തിൽ, ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഫാ.ജിൻസ് കാരക്കാട്ട്, ജാഗ്രതാ സമിതി സെക്രട്ടറി ബിനോയി മഠത്തിൽ, എം.വി ജോർജുകുട്ടി, ജിജി എബ്രാഹം, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ എന്നിവർ സംസാരിച്ചു എന്ന് രൂപതാ വക്താവ് ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.