ഇടുക്കി - കോട്ടയം ജില്ലകളുടെ അതിർത്തിയായ പെരുവന്താനത്തിന് സമീപമുണ്ടായ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു

കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെ പെരുവന്താനം പഞ്ചായത്തിലെ മതമ്പയിലുള്ള കൊണ്ടോട്ടി എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. റബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് പുരുഷോത്തമൻ. മകനൊപ്പം ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മകന് നേരെ കാട്ടാന പാഞ്ഞെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു.
തൊട്ടുപിന്നാലെ പുരുഷോത്തമനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏറെ നാളുകളായി മതമ്പയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യമുണ്ട്.
ഒരാഴ്ചയായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. എരുമേലി റെയിഞ്ച് ഓഫീസറെ പ്രദേശവാസികൾ ഈ വിവരം പലതവണ അറിയിച്ചിരുന്നു. എന്നാൽ പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.