അടിമാലി രാജധാനി കൂട്ടക്കൊല; പ്രതികളുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരി വച്ചു. പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ശിക്ഷ ഹൈക്കോടതി ശരി വച്ചത്
അടിമാലി ടൗണില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ അടിമാലി സ്വദേശി കുഞ്ഞുമുഹമ്മദ്,ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൂരമായി കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ കര്‍ണ്ണാടക സ്വദേശികളായ രാഘവേന്ദ്ര,മധു, മഞ്ചുനാഥ് എന്നിവര്‍ പിന്നീട് പിടിയിലാകുകയും വിചാരണക്കൊടുവില്‍ തൊടുപുഴ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍,ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ശരി വച്ചത്.കൊലപാതകത്തിന് ശേഷം പ്രതികള്‍ 19.5 പവന്‍ സ്വര്‍ണ്ണവും 50000രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു.ലോഡ്ജിന്റെ മൂന്നാംനിലയിലുള്ള മുറിയില്‍ വായ മൂടി കെട്ടി കൈകാലുകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം കാണപ്പെട്ടത്.ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാംനിലയിലുമായിരുന്നു കിടന്നിരുന്നത്. മോഷണമായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യം.വര്‍ഷങ്ങളായി ലോഡ്ജില്‍ താമസിച്ച് തുണിക്കച്ചവടം നടത്തിയവരായിരുന്നു പ്രതികള്‍.