വണ്ടിപെരിയാറിൽ കാട്ടാന വിളയാട്ടം;25 ഏക്കറിലെ ഏലം കൃഷി നശിപ്പിച്ചു.15 ലക്ഷം രൂപയുടെ നഷ്ടം
വണ്ടിപ്പെരിയാർ 62 ആം മൈലിൽ തോംസൺ എസ്റ്റേറ്റിൽ കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടന ആക്രമണത്തിൽ വ്യാപക കൃഷി നാശം. എസ്റ്റേറ്റിലെ 25 ഏക്കറോളം സ്ഥലത്തെ ഏല ചെടികൾ പൂർണ്ണമായും നശിപ്പിച്ചു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി തോട്ടം ഉടമ പറഞ്ഞു.
ഇന്നലെ രാത്രിയിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പെരിയാർ ടൈഗർ റിസർവിനോട് ചേർന്നു കിടക്കുന്ന 80 ഏക്കർ വരുന്ന തോംസൺ എസ്റ്റേറ്റിലെ 25 ഏക്കറോളം സ്ഥലത്തെ ഏല ചെടികളാണ്കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി കാട്ടാന നശിപ്പിച്ചിരിക്കുന്നത്. കൃഷി നാശം വരുത്തുന്നത് വനം വകുപ്പിൽ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് എന്ന് തോട്ടം ഉടമ കുര്യൻ മാത്യു പറഞ്ഞു
25 ഏക്കറോളം സ്ഥലത്തെ 2000 -ൽ അധികം ഏലച്ചെടികളാണ് കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി കാട്ടാന ചവിട്ടിയും ഒടിച്ചും നശിപ്പിച്ചിരിക്കുന്നത്. കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച മതിലുകൾ ഇടിച്ചാണ് കാട്ടാന തോട്ടത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം എസ്റ്റേറ്റ് ഉടമയുടെ വീടിന് സമീപം വരെ കാട്ടാന എത്തി. പടക്കം പൊട്ടിച്ചാണ് ഇവയെ തുരത്തിയത്. പുലി. കരടി . തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യവും എസ്റ്റേറ്റിൽ ഉണ്ടാവാറുണ്ടെന്ന് ഉടമ പറഞ്ഞു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരത്തിനായി വനാതിർത്തിയിൽ വൈദ്യുതി വേലി സ്ഥാപിക്കുകയോ . ട്രഞ്ച് നിർമ്മിക്കുകയോ ചെയ്യണമെന്ന് കുര്യൻ മാത്യു ആ വശ്യപ്പെട്ടു