കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദ്ദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദ്ദനമേറ്റത്
കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദ്ദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദ്ദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എ.എസ്.ഐ മുരളി മർദ്ദിച്ചതായാണ് പരാതി. മർദ്ദനമേറ്റ രഞ്‌ജിത്ത് കുമാർ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കുമളി ചെളിമടയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ സ്ക്കൂട്ടറിലെത്തിയ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ യായ മുരളി ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ടു. സീറ്റിനടിയിലുള്ള ടാങ്കിൻറെ അടപ്പ് തുറന്നു നൽകണമെന്ന് പമ്പിലെ ജീവനക്കാരനായ രഞ്ജിത്ത് പറഞ്ഞു. ജീവനക്കാരാണ് തുറക്കേണ്ടതെന്നും അല്ലെന്നുമുള്ള തർക്കത്തിനിടെ എ.എസ്.ഐ മുരളി രഞ്ജിത്തിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ കൈക്കും,തലക്കും വാരിയെല്ലിനും, ഗുരുതരമായി പരിക്കേറ്റതായി രഞ്ജിത്ത് പറഞ്ഞു. പമ്പിൽ ഇന്ധനമടിക്കാൻ എത്തിയവരും, ജീനക്കാരും ചേർന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. രഞ്ജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേ സമയം എ.എസ്.ഐ. മുരളി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.