ജില്ലാ ആസ്ഥാനത്ത് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് 8.86 കോടി അനുവദിച്ചു: മന്ത്രി റോഷി
ഇടുക്കി മെഡിക്കല്‍ - എഞ്ചിനിയറിംഗ് കോളജ് തുടങ്ങി ജില്ലാ ആസ്ഥാനത്തെ വിവിധ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനകരം

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ നിന്ന് ഇടുക്കിയില്‍ ജോലിക്കായി എത്തുന്ന സ്ത്രീ ജീവനക്കാര്‍ക്കായി ഹോസ്റ്റലുകള്‍ നിര്‍മിക്കാന്‍ 8.86 കോടി രൂപയുടെ ഭ രണാനുമതി. കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണ ചുമതല. ഇടുക്കി മെഡിക്കല്‍ കോളജിലെയും എഞ്ചിനിയറിംഗ് കോളജിലെയും അടക്കം വനിതാ ജീവനക്കാര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ അഭ്യര്‍ഥനപ്രകാരം റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇതിനായി അനുമതി ലഭിച്ചത്. ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി.പി. സുനീര്‍, അംഗം ഷാജി കാഞ്ഞമല എന്നിവരുടെയും ഇടപെടല്‍ നടപടികള്‍ വേഗത്തിലാക്കി.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് ഹോസ്റ്റലുകള്‍ നിര്‍മിക്കുക. വാഴത്തോപ്പില്‍ ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 75 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇരുനില കെട്ടിടമാകും നിര്‍മിക്കുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍മാര്‍ക്ക് ഏറെ ആശ്വാസകരമാകും പുതിയ ഹോസ്റ്റല്‍. താമസ സൗകര്യത്തിന്റെ അഭാവം മൂലം ഇവിടെക്ക് എത്താന്‍ പലരും വിമുഖത പ്രകടിപ്പിച്ചിരുന്നു. ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും.