ഒരു സ്കൂട്ടറിന് 5000 രൂപ, അനന്തു കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയത് 7.5 കോടി; കൂടുതൽ വെളിപ്പെടുത്തലുകൾ

ഒരു സ്കൂട്ടറിന് 5000 രൂപ വീതം കമ്പനികളിൽ നിന്ന് കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയെന്നും ഇത്തരത്തിൽ 7.5 കോടിയോളം രൂപ സമ്പാദിച്ചെന്നും പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ. ഇതിൽ നിന്നാണ് രാഷ്ട്രീയ നേതാക്കൾക്ക് രണ്ടുകോടിയോളം രൂപ നൽകിയതെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ അനന്തു വെളിപ്പെടുത്തിയതായി റിപ്പോർട്ട്.കമ്മീഷൻ ഇനത്തിലെ തുക കൈപ്പറ്റുന്നതിനായി മാത്രം അനന്തുവിന് ഒരു ബാങ്ക് അക്കൗണ്ടുണ്ടായിരുന്നു.
കെ.എൻ. ആനന്ദകുമാറിന്റെ സായിഗ്രാമം ട്രസ്റ്റിന് 1.71 കോടി രൂപയും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപയും കൊടുത്തത് കമ്മീഷൻ ഇനത്തിൽ ലഭിച്ച തുകയിൽ നിന്നാണെന്നും അനന്തു വെളിപ്പെടുത്തിയതായാണ് വിവരം. സ്‌കൂട്ടർ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
സംസ്ഥാന വ്യാപകമായി നടന്ന വൻതട്ടിപ്പിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയും വലിയ തുകയാണ് കോൺഗ്രസ് നേതാവിന് നൽകിയതെന്ന് വ്യക്തമായത്. അതേസമയം, തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണൻ തനിക്ക് നൽകിയത് അഭിഭാഷകഫീസാണെന്നും ലാലി വിൻസെന്റ് നേരത്തെ പറഞ്ഞിരുന്നു. അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കും.