ആനക്കൊല: ആനയെ കുഴിച്ച് മൂടിയത് കുമളി സ്വദേശികളായ ആറംഗ സംഘം
കൊമ്പുകളിലൊന്നു വെട്ടിയെടുത്ത ശേഷം കാട്ടാനയെ റബർ തോട്ടത്തിനുള്ളിലെ പൊട്ടക്കിണറ്റിൽ കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതികൾ ഒൻപതുപേരെന്നു കണ്ടെത്തി.ഇതിൽ കുമളി സ്വദേശികളായ ആറംഗ സംഘമാണു കൊമ്പു വെട്ടിയെടുത്തതും കടത്തിയതും. ആനയുടെ ജഡം കിണറ്റിൽ തള്ളിയശേഷം മണ്ണുമാന്തി യന്ത്രമുപയോഗിച്ചു മൂടാൻ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഇതേ സംഘം തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. മുഖ്യപ്രതിയും തോട്ടം ഉടമയുമായ മണിയൻചിറ റോയ് ഗോവയിലേക്കു മുങ്ങിയെന്ന വിവരത്തിനു പിന്നാലെ അന്വേഷണ സംഘം ഗോവയിലെത്തി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കുമളി സംഘം എവിടെയാണെന്ന സൂചന ലഭിച്ചിട്ടില്ല.കേസിലെ ബാക്കി 2 പ്രതികൾ വാഴക്കോട് സ്വദേശികളാണ്. 4 പേരാണു പ്രതികളെന്നായിരുന്നു ആദ്യത്തെ സൂചന.എന്നാൽ, കൊമ്പ് മുറിക്കൽ, കടത്തൽ, ജഡം മറവുചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടത്തിയതോടെയാണു പ്രതികളുടെ എണ്ണം കൂടിയത്. 9 പേരെയും തിരിച്ചറിഞ്ഞു കഴിഞ്ഞു.
മുറിച്ചെടുത്തു കടത്തിയ ആനക്കൊമ്പുമായി എറണാകുളം പട്ടിമറ്റത്തു പിടിയിലായ അഖിൽ മോഹനിൽ നിന്നു ലഭിച്ച വിവരങ്ങളും അന്വേഷണ സംഘം സൂക്ഷ്മ പരിശോധന നടത്തുന്നുണ്ട്. ആനയുടെ ജഡം മറവുചെയ്യാൻ സഹായിക്കാനെത്തിയതാണു കുമളി സംഘമെന്നും സ്ഥലമുടമ റോയിയുടെ കണ്ണുവെട്ടിച്ച് ഇക്കൂട്ടത്തിലൊരാൾ കൊമ്പു വെട്ടിയെടുത്തതാണെന്നും അഖിൽ അന്വേഷണ സംഘത്തിനു മൊഴിനൽകിയെന്നാണു വിവരം. രണ്ടാമത്തെ കൊമ്പു വെട്ടാൻ സാവകാശം ലഭിച്ചില്ലെന്നും സൂചനയുണ്ട്.എന്നാൽ, മറ്റു പ്രതികളെയും കൂടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.അതേസമയം, റബർതോട്ടത്തിൽ കാട്ടുപന്നിയെ പിടിക്കാൻ അനധികൃതമായി വലിച്ച വൈദ്യുതക്കെണിയിൽ തട്ടി ഷോക്കേറ്റാണ് ആന കൊല്ലപ്പെട്ടതെന്ന പ്രാഥമിക നിഗമനത്തിലാണു വനംവകുപ്പ്. വൈദ്യുതക്കെണിക്കു വേണ്ടി വലിച്ച കമ്പികൾ കണ്ടെടുത്തു.മറ്റു തരത്തിൽ ആനയെ കൊലപ്പെടുത്തിയതിനു തെളിവുകൾ കണ്ടെത്താനായിട്ടില്ല. ജൂൺ 14ന് രാത്രി ആന കൊല്ലപ്പെട്ടെന്നും തൊട്ടടുത്ത ദിവസം പ്രതികൾ ചേർന്നു ജഡം കുഴിച്ചുമൂടിയെന്നും സംശയിക്കുന്നു. അഖിൽ മോഹനടക്കം 9 പേരെ പ്രതിചേർത്തു കോടതിയിൽ അന്വേഷണ റിപ്പോർട്ട് നൽകി.സംഘം അഖിൽ മോഹനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മച്ചാട് റേഞ്ച് ഓഫിസർ ശ്രീദേവി മധുസൂദനൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി. വിനോദ് എന്നിവരാണ് അന്വേഷണം നയിക്കുന്നത്.