കട്ടപ്പന-പാറക്കടവ് റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തായി രൂപപ്പെട്ട ഗർത്തം അപകടകെണിയാകുന്നു
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ കട്ടപ്പന പാറക്കടവ് റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തായി രൂപപ്പെട്ട ഗർത്തം അപകടകെണിയാകുന്നു.ശബരിമല തീർത്ഥാടകരുടെ അടക്കം വാഹനം കടന്നുപോകുന്ന പാതയാണിത്. തുടർച്ചയായി നിരവധി അപകടങ്ങളാണ് ഇവിടെ ഇപ്പോൾ ഉണ്ടാകുന്നത്. പാതയിൽ ഇന്റർലോക്ക് പതിപ്പിച്ചിരിക്കുന്ന ഭാഗവും ടാറിങ്ങും ചേരുന്നിടത്താണ് ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ടാറിങ്ങും ഇന്റർലോക്കും ചേരുന്ന ഭാഗത്തെ ചില ലോക്ക് കട്ടകൾ ഇളകിപ്പോയതും, ടാറിങ് ഇളകിയതുമാണ് അപകട കെണി രൂപപ്പെടാൻ കാരണമായത്.
ഇതോടൊപ്പം ഓടയുടെ അഭാവത്താൽ റോഡിലൂടെ ഒഴുകുന്ന മഴവെള്ളവും ഗർത്തത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നതിന് കാരണമായി. നിലവിൽ ഇവിടെ കെട്ടിക്കിടക്കുന്ന ചെടി വെള്ളം കാൽനട യാത്രക്കാർക്കും ഭീഷണിയാണ്. വേഗതയിൽ എത്തുന്ന വാഹനങ്ങൾ മുന്നിലെ ഗർത്തം തിരിച്ചറിയാതെ കുഴിയിൽ ചാടി കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. അതോടൊപ്പം നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഗർത്തത്തിൽ വീണ് അപകടത്തിൽപ്പെട്ടത്.
ശബരിമല സീസൺ ആരംഭിച്ചതോടെ തമിഴ്നാട്ടിൽ നിന്നടക്കമുള്ള അയ്യപ്പ ഭക്തരും ബൈപ്പാസ് റോഡ് ഉപയോഗിക്കാതെ ഇതുവഴിയാണ് കടന്നു പോകുന്നത് . വാഹന ഡ്രൈവർമാർ മുൻപിലുള്ള ഗർത്തം തിരിച്ചറിഞ്ഞ് വശങ്ങളിലേക്ക് വെട്ടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട് . ഒറ്റനോട്ടത്തിൽ കണ്ടാൽ കുഴിയാണെന്ന് തിരിച്ചറിയാത്തതാണ് അപകടങ്ങൾ തുടരുവാൻ മറ്റൊരു കാരണം. ഡ്രൈവർമാർ പലപ്പോഴും കുഴിയിൽ ചാടിയ ശേഷം മാത്രമേ വ്യാപ്തി തിരിച്ചറിയുകയുള്ളൂ.മുൻപ് സമാനമായി ഇവിടെ നിരവധി തവണയാണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. പരാതികൾ ഉയർന്നതോടെ നാട്ടുകാരുടെ കണ്ണില്‍ പൊടി ഇടുന്നതിന് സമാനമായി പൊതുമരാമത്ത് വകുപ്പ് ഗർത്തം മൂടും. എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ പഴയ പടി ആകുമെന്ന് ഡ്രൈവർമാർ പറയുന്നു. കട്ടപ്പന നഗരത്തിലെ വിവിധ പ്രധാന റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന അപകട കെണികളായ ഗർത്തങ്ങൾ മൂടാൻ നഗരസഭ അധികൃതരും ഇത് വരെ നടപടി സ്വീകരിച്ചിട്ടില്ല.