തങ്ങളാണ് കട്ടപ്പന റൂറൽ സഹകരണ സംഘത്തിൻ്റെ തകർച്ച കാരണമെന്ന സി.പി.എം. ആരോപണം മുൻ ഭരണ സമിതി നിഷേധിച്ചു
2005-ൽ സ്ഥാപിച്ച സംഘം അന്നു മുതൽ ലാഭകരമായാണ് പ്രവർത്തിച്ചത്. കട്ടപ്പന ഹെഡ് ഓഫീസിനു പുറമേ വള്ളക്കടവ്, ലബ്ബക്കട, ബ്രഞ്ചുകളും രണ്ടു വളം കീടനാശിനി ഡിപ്പോകളും നീതി പേപ്പർ മാർട്ട് പ്രവർത്തിച്ചിരുന്നു. ജീവനക്കാർക്ക് ശമ്പളവും കെട്ടിട വാടകയും കൃത്യമായി കൊടുത്തിരുന്നു. ഒരാളുടെ പോലും നിക്ഷേപം തിരിച്ചു കൊടുക്കാതിരിക്കുകയോ ജില്ലാ ബാങ്കിൽ കുടിശ്ശിക വരുത്തുകയോ ഉണ്ടായിട്ടില്ല.ആവശ്യം വേണ്ട തരള ധനം ഉണ്ടായിരുന്നു.
2016-ൽ സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു.ഇതിനെല്ലാം തെളിവായി രേഖകളുണ്ട്.എന്നാൽ നിലവിലെ പ്രസിഡൻ്റ്എം.ജെ വർഗ്ഗീസ് , സെബാസ്റ്റ്യൻ കെ.എ. സുമതി എന്നിവരോടൊപ്പം കോൺഗ്രസിനെ കാലുവാരി സി.പിഎമ്മിനോടൊപ്പം ചേർന്നതോടെയാണ് ബാങ്കിൻ്റെ പ്രവർത്തനം താളം തെറ്റിയത്. നന്നായി പ്രവർത്തിച്ചു അഴിമതിക്കു കൂട്ടു നിൽക്കാത്തതിനാൽ അന്നത്തെ സെക്രട്ടറിയെ പിരിച്ചു വിട്ടു . ഇതിനു ശേഷം 3000-ൽ അധികം സി.പി.എം അനുഭാവികൾക്ക് അംഗത്വം നൽകി.
പരമാവധി അഞ്ചു ലക്ഷം രൂപ വായ്‌പ നൽകാൻ കഴിയുന്നിടത്ത് സംഘത്തിൻ്റെ നിയമാവലിക്ക് വിരുദ്ധമായി പാർശ്വവർത്തികളായ സി..പി.എം അനുഭാവികൾക്ക് 10 ലക്ഷവും അതിനു മുകളിലും വായ്‌പകൾ നൽകി.ഈടില്ലാതെ നൽകിയ ഇത്തരം വായ്പകൾ ഒരാളുപോലും തിരിച്ചടച്ചില്ല. ഇതു സംബന്ധിച്ച് മുൻ ഭരണസമിതി അംഗം ജോയി തോമസ് മന്ത്രിയടക്കം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
2023 മാർച്ചിലെ ആഡിറ്റ് റിപ്പേർട്ട് പ്രകാരം 4.38 കോടി നഷ്ടവും 16.72 കോടി ഫണ്ട് ഇറോഷനുമാണ് ബാങ്കിനുള്ളത്. 2020-23 കാലത്തെ ഇത്തരം അഴിമതിയും, ധൂർത്തും, കെടുകാര്യസ്ഥതയുമാണ് സംഘത്തെ പ്രതിസന്ധിയിലാക്കിയത്. നിക്ഷേപക തുക തിരിച്ചു നൽകാൻ കഴിയാത്ത വിധം പ്രതിസന്ധിയുണ്ടായിട്ടും മുൻ ഭരണ സമിതി അംഗമായിരുന്ന സി.പി.എം നേതാവിൻ്റെ മകന് ക്ലാർക്കായി സ്ഥിരം നിയമനം നൽകി.
കോടിക്കണക്കിനു രൂപയുടെ ദുർവിനിയോഗമാണ് ഈ കാലഘട്ടത്തിൽ നടന്നത്. കോൺഗ്രസിൻ്റെ മേൽ പഴിചാരി പാവപ്പെട്ട നിക്ഷേപകരെ പറ്റിക്കാനുള്ള സി.പി.എം തന്ത്രമാണ് ആരോപണത്തിന് പിന്നിലെന്നും മുൻ ഭരണ സമിതി അംഗങ്ങൾ ആരോപിച്ചു. മുൻ ഭരണ സമിതി അംഗങ്ങളായ ജോയി തോമസ്, മാത്യൂ ജോസഫ്, എ.ഐ സി സി അംഗം അഡ്വ. ഇ എം ആഗസ്തി, ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡൻ്റ് സിജു ചക്കും മൂട്ടിൽ, മേരീ ദാസൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.