ചിന്നക്കനാൽ - സൂര്യനെല്ലി റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മറ്റി

തെക്കിന്റെ കാശ്മീരായ മുന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ,സൂര്യനെല്ലി മേഖല .ദിനം പ്രതി ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഈ മേഖലയിലേക്ക് ഗതാഗത യോഗ്യമായ റോഡ് ഇല്ല. ദേശിയ പാതയിൽ നിന്നും ചിന്നക്കനാലിലേക്കുള്ള മൂന്ന് കിലോമീറ്റർ ദൂരം വർഷങ്ങളായി തകർന്നു കിടന്നിരുന്നു.നാട്ടുകാരുടെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ നിർമാണ ജോലികൾ ആരംഭിച്ച എങ്കിലും ഒന്നര കിലോമീറ്റർ റോഡിൻറെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്.
ദേശീയപാതയിൽ നിന്നും ചിന്നക്കനാൽ ടൗൺ വരെയുള്ള ഭാഗത്ത് റോഡിൽ ഉറപ്പിച്ചിരുന്ന മെറ്റൽ പൂർണമായും ഇളകി നിലയിലാണ് ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നത് ആവർത്തിക്കുന്നു. ചെറു വാഹനങ്ങളിലെ യാത്ര അത്യധികം ദുഷ്കരമാണ്.റോഡിൻറെ നിർമ്മാണം ഏറ്റെടുത്ത കുഞ്ചതണ്ണിയിലെ ലേബർ സൊസൈറ്റി റോഡ് നിർമ്മാണത്തിൽ ഉദാസീനത തുടരുകയാണ് എന്നും മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിട്ടും നടപടി സ്വികരിക്കാത്തതിൽ പ്രതിഷേധിച്ചു ശക്‌തമായ സമരം സംഘടിപ്പിക്കുമെന്നു ചിന്നക്കനാൽ മണ്ഡലംകമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് ഈ റോഡിൻറെ നിർമ്മാണം കരാർ എടുത്തിരിക്കുന്നത് .എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുമില്ല .അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനാണ് ചിന്നക്കനാൽ നിവാസികൾ ഏറെ ബുദ്ധിമുട്ടുന്നത്.വരും ദിവസങ്ങളിൽ ശക്‌തമായ സമരങ്ങൾ സംഘടിപ്പിക്കുവാനാണ് മണ്ഡലം കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.