പാതയോരങ്ങളിലും ഇടവഴികളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി നഗരസഭ
കട്ടപ്പന നഗരത്തിന്റെ വിവിധ കെട്ടിടങ്ങൾക്കിടയിലൂടെ നിരവധി നടപ്പുവഴികളാണ് മുമ്പ് ഉണ്ടായിരുന്നത്. കാലക്രമേണ ഇവ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. വലിയതോതിലാണ് ഇവിടെ മാലിന് നിക്ഷേപിച്ചിരുന്നത് . ഇതോടെ ഇതുവഴി ആളുകൾ നടക്കാതെയുമായി.ഇത് ഈ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം വർധിക്കുന്നതിനും കാരണമായി.
കൂടാതെ മഴക്കാലം ആകുന്നതോടെ വിവിധ മേഖലകളിൽ നിന്നും ഇതുവഴി വെള്ളമൊഴുകി പ്രധാന റോഡിലേക്ക് എത്തുന്നത് വലിയ ദുർഗന്ധം വമിക്കുന്നതിനും കാരണമാക്കിയിരുന്നു . ഈ സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇടവഴികളിലെ മാലിന്യ കൂമ്പാരം നീക്കി സഞ്ചാരിയോഗ്യമാക്കിയത് എന്ന് നഗരസഭ വൈസ് ചെയർമാൻ കെ. ജെ ബെന്നി പറഞ്ഞു.
ഗാന്ധി സ്കോയറിനു സമീപത്തു നിന്നും കുന്തളംപാറ ബൈപ്പാസ് റോഡിലേക്ക് ഇറങ്ങുന്ന ഇടവഴി, സെൻട്രൽ ജംഗ്ഷനിലെ രണ്ട് വൺവേ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടവഴി എന്നിവിടങ്ങളിലാണ് ആദ്യഘട്ടം എന്നോണം ശുചീകരണം നടത്തിയത്. ഇനി ഇത്തരത്തിൽ നഗരത്തിന്റെ ഇടവഴികളിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. വരും ദിവസങ്ങളിൽ മേഖലയിൽ ക്യാമറകൾ അടക്കം സ്ഥാപിക്കാനും തീരുമാനമായി .