വീടിനു മുകളിലേക്ക് കെ.എസ്.ഇ.ബിയുടെ കരാർ ലോറി മറിഞ്ഞിട്ട് മൂന്ന് ദിവസം ; എടുത്ത് മാറ്റാതെ കരാറുകാരൻ ; ദുരിതകയത്തിൽ ഒരു കുടുംബം
അടിമാലി: പനംകൂട്ടിയിൽ വീടിനുമുകളിലേക്ക് മറിഞ്ഞ ലോറി നീക്കാൻ ഇതുവരെ നടപടിയായില്ല. താമസിക്കാൻ ഇടമില്ലാതെ വലയുകയാണ് ഒരു കുടുംബം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് പനംകൂട്ടി ചെരുവിൽ വിശ്വംഭരന്റെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്.
വൈദ്യുതി ബോർഡിനായി കരാർ വ്യവസ്ഥയിൽ ഓടുന്ന കോതമംഗലം സ്വദേശിയുടേതാണ് ലോറി. മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെ വിശ്വംഭരന്റെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ, സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും വാഹനം അവിടെനിന്ന് നീക്കി തകർന്ന വീട് പുനർനിർമിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കാലവർഷമായതോടെ ഇപ്പോൾ ഈ കുടുംബത്തിന് അന്തിയുറങ്ങാൻ ഇടമില്ലാത്ത അവസ്ഥയിലാണ്. കുടുംബാംഗങ്ങളുടെ വസ്ത്രങ്ങൾപോലും തകർന്ന ഈ വീടിനുള്ളിലാണ്. മൂന്നുദിവസം അവർ അയൽവാസിയുടെ വീട്ടിൽ താമസിച്ചു. ബന്ധുവീടുകൾ അകലെയായതിനാൽ താമസിക്കാൻ മറ്റിടമില്ല. വാടകയ്ക്ക് വീട് എടുത്ത് തരാൻ വാഹന ഉടമയും തയ്യാറായിട്ടില്ല. സംഭവം നടന്നപ്പോൾ വാഹന ഉടമയും കൂട്ടാളികളും എത്തി വാടകവീട്ടിൽ താമസിക്കാൻ നിർദേശിച്ചു. എന്നാൽ, തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
അടിയന്തരമായി വാഹനം മാറ്റി വീട് പുനർനിർമിച്ച് നൽകണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. പോലീസിൽ പരാതി നൽകിയപ്പോൾ വീട് പുനർനിർമിച്ച് നൽകാനാണ് പോലീസും വാഹന ഉടമയോട് നിർദേശിച്ചത്.