ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം

ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. 2 ആശുപത്രി ജീവനക്കാർക്ക് മർദ്ദനമേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് മദ്യപിച്ച് എത്തിയ മൂന്നംഗ സംഘം വനിതാ ജീവനക്കാരെ അടക്കം അസഭ്യം പറഞ്ഞതും തടയാൻ ശ്രമിച്ച ക്ലാർക്ക് ആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദലി എന്നിവരെ മർദ്ദിച്ച് അവശരാക്കിയതും. ഡോക്ടറെ കാണാനാണ് ഇവർ എത്തിയത്. ഡ്യൂട്ടി കഴിഞ്ഞു ഡോക്ടർ പോയതായി നഴ്സ് അറിയിച്ചു.
ഡോക്ടർ എന്തുകൊണ്ട് 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യവും ഭീഷണിയും. ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാൻ ശ്രമിച്ച ആനന്ദ്, മുഹമ്മദലി എന്നിവരെ സംഘം കയ്യേറ്റം ചെയ്തു. ചിന്നക്കനാൽ സ്വദേശികളായ കിഷോർ, ആനന്ദ്, വിജയ് എന്നിവരാണ് ആക്രമണം നടത്തിയത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴെക്കും ഇവർ ജീപ്പിൽ കയറി സ്ഥലം വിട്ടു. എന്നാൽ മൂന്നാറിലേക്ക് പോകും വഴി ഇവരുടെ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ആനന്ദിൻ്റെ കാലിന് ഗുരുതര പരുക്കേറ്റു. ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചു.