ഇടുക്കിയിലെ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ :എഞ്ചിനിയര്‍മാരുടെ സംഘം വെള്ളിയാഴ്ച ചെറുതോണിയില്‍ പരിശോധന നടത്തും. അടുത്ത ബുധനാഴ്ച സംഘം മന്ത്രി റോഷി അഗസ്റ്റിന് റിപ്പോര്‍ട്ട് നല്‍കും
ഇടുക്കിയില്‍ നിന്നുള്ള ഓപ്പറേറ്റിങ് സെന്റര്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക പരിശോധനയ്ക്കായി സര്‍വേ ടീം ഉള്‍പ്പെടുന്ന കെഎസ്ആര്‍ടിസി എഞ്ചിനിയറിങ് വിഭാഗം വെള്ളിയാഴ്ച ചെറുതോണി സന്ദര്‍ശിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും കെഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഗാരേജ്, റാമ്പ്, വര്‍ക് ഷോപ്പ് തുടങ്ങിയവയ്ക്കു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിനായാണ് സംഘം പരിശോധന നടത്തുന്നത്. ഇതോടൊപ്പം മറ്റ് ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. അടുത്ത ബുധനാഴ്ചയോടെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
ഇടുക്കി മെഡിക്കല്‍ കോളജിന് സമീപത്താകും പുതിയ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുക. ജില്ലാ പഞ്ചായത്തിന്റെ മൂന്നു മുറികളും മുകളിലത്തെ നിലയിലുള്ള മുറിയും ഓപ്പറേറ്റിങ് സെന്ററിന് ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് രണ്ടു ബേ കെഎസ്ആര്‍ടിസിക്കു നല്‍കാന്‍ തീരുമാനമായി.
ജീവനക്കാര്‍ക്ക് പഴയ പൊലീസ് സ്റ്റേഷന്‍ താമസത്തിന് ലഭ്യമാക്കും. ഇതോടനുബന്ധിച്ച് ചെറുതോണിയില്‍ ഇന്ധന പമ്പും തുടങ്ങാനും യോഗത്തില്‍ ധാരണയായി. ഓഗസ്റ്റ് മധ്യത്തോടെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.