തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിൽ തട്ടിപ്പ്. മൂന്നാർ സ്വദേശിനിയായ പെൺകുട്ടി വ്യാജ എം.ബി.ബി.എസ് ക്ലാസിൽ പഠിച്ചത് 6 മാസം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചതായി വ്യാജ ഇമെയിൽ സന്ദേശമയച്ചും ഓൺലൈനിൽ ക്ലാസ് നടത്തിയും തട്ടിപ്പു നടത്തിയതായി പരാതി. സന്ദേശം വിശ്വസിച്ച് ആറുമാസം ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത മൂന്നാർ സ്വദേശിയായ പെൺകുട്ടി തട്ടിപ്പു തിരിച്ചറിഞ്ഞത് മെഡിക്കൽ കോളജിൽ നേരിട്ടുപോയപ്പോൾ.മൂന്നാറിലെ സ്വകാര്യ സ്കൂളിൽ നിന്ന് പ്ലവിന് ഉന്നതവിജയം നേടിയ പെൺകുട്ടി 2022ലെ നീറ്റ് പരീക്ഷയിലും ഉയർന്ന മാർക്ക് നേടിയിരുന്നു. സംവരണവിഭാഗത്തിൽപെട്ട കുട്ടി വിവിധ മെഡിക്കൽ കോളജുകളിൽ അപേക്ഷ നൽകി. പ്രവേശന നടപടികൾ പൂർത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പേരിൽ പെൺകുട്ടിക്ക് ഇമെയിൽ സന്ദേശം ലഭിച്ചു.25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യഗഡുവായി 10,000 രൂപ ഗൂഗിൾ പേ വഴി അടച്ചു.2022 നവംബറിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസു കണ്ടെടുത്തിരുന്നത്. കോളജിൽ വരാൻ നിർദേശിച്ച് 3 പ്രാവശ്യം ഇമെയിൽ വന്നെങ്കിലും പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചതിനാൽ യാത്ര മാറ്റിവച്ചു.
എന്നാൽ, ജൂൺ 24നു മെഡിക്കൽ കോളജിൽ നേരിട്ടു ഹാജരാകാനാവശ്യപ്പെട്ടു വീണ്ടും സന്ദേശം ലഭിച്ചു. തലേദിവസം പോകാൻ ഒരുങ്ങുന്നതിനിടയിൽ വരേണ്ട എന്ന സന്ദേശം മറ്റൊരു മെയിൽ ഐഡിയിൽ നിന്നു ലഭിച്ചതോടെ കുട്ടിക്കും മാതാപിതാക്കൾക്കും സംശയമായി. ഇവർ അന്നു തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചു. 24നു കോളജിലെത്തി പ്രിൻസിപ്പലിനെ കണ്ടപ്പോഴാണു തട്ടിപ്പു തിരിച്ചറിയുന്നത്. മെഡിക്കൽ കോളജിലെ അതേ ക്ലാസുകളാണ് ഓൺലൈനായി പെൺകുട്ടി ആറുമാസം പഠിച്ചതെന്നു പ്രിൻസിപ്പൽ അറിയിച്ചതായി പരാതിയിൽ പറയുന്നു.ഇമെയിൽ വിലാസം, പണം ഓൺലൈനായി കൈമാറിയ മൊബൈൽ നമ്പർ എന്നിവ സഹിതം പെൺകുട്ടിയുടെ മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകി.