വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്ക്
ബഥേൽ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിലാണ് കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്കേറ്റത്. തങ്കമല എസ്റ്റേറ്റ് തൊഴിലാളികളായ മാരിമുത്തു, കലൈ ശെൽവി ദമ്പതികളുടെ പശുവിനാണ് എസ്റ്റേറ്റ് സ്ഥലത്ത് മേയുന്നതിനിടെ കടുവയുടെ ആക്രമണമേറ്റത്.ഇന്നലെ രാത്രിയിലാണ് സംഭവം. എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം പശുവിന്റെ കരച്ചിൽ കേൾക്കുകയും സമീപ വാസിയായ ശിവകുമാർ ആളുകളെ കൂട്ടി സ്ഥലത്തെത്തിയപ്പോൾ കടുവയുടെ ആക്രമണമേറ്റ് പശു നിലത്ത് കിടക്കുന്നതാണ് കണ്ടത്.
തുടർന്ന് ഉടമയായ മാരിമുത്തു മുറിവേറ്റപശുവിനെ മറ്റുള്ളവരുടെ സഹായ തോടെ ലയത്തിൽ എത്തിച്ച് ഇന്ന് രാവിലെ വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കുകയും ചികിത്സ നൽകുകയും ചെയ്തു. പെരിയാർകടുവാ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് തങ്കമല എസ്റ്റേറ്റ്. ജനവാസ മേഖലയിൽ കടുവ ഇറങ്ങി പശുവിനെ ആക്രമിച്ചതോടെ ഭീതിയിലാണ് തങ്കമല എസ്റ്റേറ്റ് നിവാസികൾ . വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.