വനമഹോത്സവത്തിന് ഇന്ന് (ജൂലൈ 1 )തേക്കടിയില്‍ തിരിതെളിയുന്നതോടെ ഭക്ഷണപ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമാകും. സംസ്ഥാനമൊട്ടാകെയുള്ള വനവാസി സമൂഹത്തിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളില്‍പെട്ട 72 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ഭക്ഷ്യമേള. ആനവച്ചാല്‍ പാര്‍ക്കിങ്ഗ്രൗണ്ടിലാണ് വനമഹോത്സവത്തിന്റെ ഭാഗമായി മേള നടക്കുക. ചിന്നാര്‍ വന്യ ജീവിസങ്കേതത്തില്‍നിന്നുള്ള ചിന്നാര്‍ സ്‌പെഷ്യല്‍ താലി മീല്‍സ്, ചിന്നാര്‍ സ്‌പെഷ്യല്‍ ടീ, റാഗി വിഭവങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. പെരിയാര്‍ തടാകത്തില്‍ നിന്നും വൈദേശിക മല്‍സ്യ ഇനമായ ആഫ്രിക്കന്‍ മുഷി ഉപയോഗിച്ച് തയാറാക്കിയ അച്ചാര്‍ മേളയുടെ സ്‌പെഷ്യലാണ്. രാവിലെ 6 മണിക്ക് തന്നെ ഭക്ഷ്യമേള ആരംഭിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി 1950 മുതല്‍ എല്ലാ വര്‍ഷവും ജൂലൈ ആദ്യവാരം നടത്തിവരുന്ന പ്രചാരണ പരിപാടിയാണ് വനമഹോത്സവം. ' പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വര്‍ഷങ്ങള്‍' എന്നപ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ വനമഹോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘടാനം ഇന്ന് (ജൂലൈ 1) രാവിലെ 10 .30 ന് തേക്കടി ഹോളിഡേ ഹോമില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വാഴൂര്‍ സോമന്‍ എം. എല്‍. എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായിരിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.ല്‍.എമാരായ എം.എം മണി, അഡ്വ.എ. രാജ, പി.ജെ. ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും .
പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വര്‍ഷത്തെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തിയൊരുക്കുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തേക്കടി വനശ്രീ ഓഡിറ്റോറിയം വേദിയാകും. ഇതോടൊപ്പം പെരിയാര്‍ തടാകത്തിലെ തനത് മല്‍സ്യങ്ങളുടെ വൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന ആഫ്രിക്കന്‍ മുഷി നിര്‍മാര്‍ജ്ജന യജ്ഞം, തദ്ദേശീയ ഇനം വൃക്ഷത്തെ നടീല്‍, വിതരണം എന്നിവയും ഉണ്ടാകും. വനമഹോത്സവത്തോടനുബന്ധിച്ച് മനുഷ്യ-വന്യജീവി സംഘര്‍ഷ പരിഹാരത്തിനായുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാര്‍ കുമളി ഹോളിഡേ ഹോമില്‍ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.