വിനോദ സഞ്ചാര സംഘമെത്തിയ ബസ് അപകടത്തിൽപ്പെട്ടു;വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു

കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ ആന വിരട്ടിക്കും ഇരുട്ടുകാനത്തിനുമിടയിൽ വിനോദ സഞ്ചാര സംഘമെത്തിയ ബസ് അപകടത്തിൽപ്പെട്ടു.വളവോടു കൂടിയ ഭാഗത്ത് ബസ് പാതയോരത്തെ കൊക്കയിലേക്ക് ചെരിഞ്ഞ് നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. വളവോടുകൂടിയ ഭാഗത്ത് വച്ച് ബസ് പാതയോരത്തെ കൊക്കയിലേക്ക് ചെരിഞ്ഞ് നിൽക്കുകയായിരുന്നു. വാഹനം താഴേക്ക് പതിച്ചിരുന്നുവെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. ഓടികൂടിയവരുടെ സഹായത്താൽ വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. പിന്നീട് വടവും കയറുമുപയോഗിച്ച് വാഹനം താഴേക്ക് പതിക്കാതിരിക്കാൻ ബന്ധിപ്പിച്ച് നിർത്തി. ശേഷം ഫയർഫോഴ്സിൻ്റെയും സമീപവാസികളുടെയും മറ്റ് വാഹനയാത്രികരുടെയുമൊക്കെ സഹായത്തോടെ കൊക്കയിലേക്ക് ചെരിഞ്ഞ വാഹനം റോഡിലേക്കെത്തിച്ചു.