ബൈക്ക് മോഷണക്കേസിൽ പ്ലസ്ടു വിദ്യാർത്ഥികൾ പിടിയിൽ. വെള്ളത്തൂവൽ സ്വദേശികളായ കൗമാരക്കാർ മോഷ്ടിച്ചത് അഞ്ച് ബൈക്കുകൾ

ബൈക്ക് മോഷണക്കേസിൽ രണ്ട് പ്ലസ്ടു വിദ്യാർത്ഥികൾ പിടിയിൽ. വെള്ളത്തൂവൽ സ്വദേശികളായ വിദ്യാർത്ഥികളാണ് മൂന്നാർ പൊലീസിന്റെ പിടിയിലായത്.വിശദമായ അന്വേഷണത്തിൽ അടിമാലി, കോതമംഗലം, രാജാക്കാട് ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് മോഷ്ടിച്ച മറ്റ് നാല് ബൈക്കുകളും കണ്ടെത്തിയതായി പോലിസ് പറഞ്ഞു.
പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിന് സമീപം നിർത്തിയിരുന്ന കുഞ്ചിത്തണ്ണി സ്വദേശി സെഫിന്റെ മൂന്നു ലക്ഷം രൂപ വിലവരുന്ന ബൈക്ക് കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൂന്നാർ എസ്എച്ച്ഒ രാജൻ.കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർത്ഥികളെ പിടികൂടിയത്.
ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ആനച്ചാൽ ശല്യാമ്പാറ ഭാഗത്ത് ഒളിപ്പിച്ചിരുന്ന സെഫിന്റേതുൾപ്പെടെ അഞ്ച് ബൈക്കുകൾ കണ്ടെടുത്തു. നമ്പർ പ്ലേറ്റുകളും ഇന്ധന ടാങ്കുകളും മാറ്റി രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു ഇവ. അടിമാലി, കോതമംഗലം, രാജാക്കാട് ഭാഗത്തെ സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചവയാണ് മറ്റ് നാല് ബൈക്കുകളുമെന്ന് പ്രതികൾ മൊഴി നൽകി. ഇവരെ തൊടുപുഴ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കി.