പുതിയ ഡാമിന് പകരം ടണൽ നിർമിക്കണം; മുല്ലപ്പെരിയാറിൽ ബദൽ നിർദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ

റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാൻ ചെറിയ ഡാമുകളും നിർമിക്കണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാർ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള ബദൽ നിർദേശമാണ് ഇ ശ്രീധരൻ മുന്നോട്ട് വച്ചിട്ടുള്ളത്.പുതിയ ഡാമിന് പകരം, തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കുന്നതിന് ടണൽ നിർമ്മിച്ചാൽ ആശങ്ക പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ടണൽ നിർമ്മിച്ചാൽ കുറഞ്ഞത് 50 വർഷത്തേക്ക് മുല്ലപെരിയാർ ഭീഷണി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.സുപ്രീംകോടതിയുടെ 2014 ലെ വിധിയിൽ തടയിണ നിർമിക്കുന്നതിനെ പറ്റി പറയുന്നുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞത് പ്രായോഗികമാണോ എന്ന് പരിശോധിക്കണമെന്നും മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി.പി.ജോസഫ് പറഞ്ഞു. അന്ത്യശ്വാസം വലിക്കുന്ന ഡാം ശക്തിപ്പെടുത്താൻ പറ്റില്ലെന്നും ഇ.ശ്രീധരനും റസ്സൽ ജോയിയും ചെയ്യുന്നത് വഞ്ചനയാണെന്നും ഫാ.ജോയ് നിരപ്പേൽ വിമർശിച്ചു.