മൂന്നാറിലും സമീപ പഞ്ചായത്തുകളിലും മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടം നിർമ്മിക്കുന്നത് താൽക്കാലികമായി വിലക്കിയ നടപടി ഹൈ കോടതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു
മൂന്നാറിലും സമീപ പഞ്ചായത്തുകളിലും മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടം നിർമ്മിക്കുന്നത് താൽക്കാലികമായി വിലക്കിയ നടപടി ഹൈ കോടതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു.അമിക്കസ് ക്യൂറിയുടെ ശുപാർശയി ലാണ് ഹൈക്കോടതി ജൂൺ 20ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ നിർമ്മാണ നിയന്ത്രണം വ്യാപിപ്പിച്ചത്.
ദേവികുളം താലൂക്കിൽ മൂന്നാർ മേഖലയിലെ ചിന്നക്കനാൽ ശാന്തൻപാറ, മൂന്നാർ, മാങ്കുളം, പള്ളിവാസൽ, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, വെള്ളത്തൂവൽ എന്നീ ഒമ്പത് പഞ്ചായത്തുകളിൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി ജൂൺ 13നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പുറമെ മറയൂർ,
ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ കൂടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പരിസ്ഥിതി വിഷയങ്ങൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയടക്കം നൽകിയ ഹർജികളാണ് പ്രത്യേക ബെഞ്ച് പരിഗണിക്കുന്നത്. ജൂൺ 13 ലെ ഉത്തരവിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഈ പഞ്ചായത്തുകൾക്കും ഹൈക്കോടതി ബാധകമാക്കി.
മൂന്നാറിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നാഗ്പുരിലുള്ള നാഷനൽ എൻവയൺമെന്റ് എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ അഭിപ്രായം കണക്കിലെടുത്താണ് ഈ നടപടിയും.