അച്ചാമ്മ 'മിനി'യായി മുങ്ങി നടന്നത് 27 വർഷം. കൊലക്കേസ് പ്രതിയെ കുടുക്കി പ്രത്യേക അന്വേഷണ സംഘം.
1990ല്‍ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിക്കപ്പെട്ട് ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ . മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ കൊല്ലപ്പെട്ട കേസിലാണ് അകന്ന ബന്ധവും വീട്ടിലെ മുൻജോലിക്കാരിയുമായ അറുന്നൂറ്റിമംഗലം ബിജു ഭവനത്തിൽ അച്ചാമ്മയെ പോലീസ് പിടികൂടിയത്. വിവാഹം കഴിച്ച് ഭർത്താവും ഒന്നിച്ച് മിനി രാജു എന്നപേരിൽ കോതമംഗലം അടിവാട്ട് താമസിക്കുകയായിരുന്നു. രണ്ടു മക്കൾ ഉണ്ട് . കൊലക്കേസിൽ 1990 ൽ അറസ്റ്റിലായ അച്ചാമ്മയെ 1993 സെഷൻസ് കോടതി വിട്ടയച്ചിരുന്നു. അപ്പീലിൽ ഹൈക്കോടതി 1996 ൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. മണിക്കൂറുകൾക്കകം ഒളിവിൽ പോയ ഇവരെ തിരഞ്ഞ് പോലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ വരെ പോയി. വർഷങ്ങളായി വാറണ്ടുകൾ മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പിടികൂടിയത്.
1996 ൽ മുങ്ങിയ ശേഷം അച്ചാമ്മ കോട്ടയം ചുങ്കത്ത് മിനി എന്ന പേരിൽ വീട്ടുജോലി ചെയ്തിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. അക്കാലത്ത് ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയുമായി പ്രണയത്തിലായെന്നും 1999 ൽ വിവാഹം കഴിച്ച് അയാളുടെ നാടായ തമിഴ്നാട് തക്കലയിലേക്ക് പോയെന്നും അറിഞ്ഞു. ഈ തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ കോതമംഗലത്ത് എത്തിച്ചത്. അച്ചാമ്മ അഞ്ചുവർഷമായി തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു.