പീരുമേട്ടിൽ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റിലെ ഫാക്ടറികൾ വിൽക്കുന്നതിനെ എതിർത്ത ട്രേഡ് യൂണിയൻ നേതാക്കൾക്കെതിരെ കോടതി നോട്ടീസ് അയച്ചു

പീരുമേട്ടിൽ പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റിലെ ഫാക്ടറികൾ വിൽക്കുന്നതിനെ എതിർത്ത ട്രേഡ് യൂണിയൻ നേതാക്കൾക്കെതിരെ കോടതി നോട്ടീസ് അയച്ചു. പീരുമേട് ടീ കമ്പനി ഉടമ നൽകിയ ഹർജിയിലാണ് സംയുക്ത സമര സമിതിയുടെ എട്ട് നേതാക്കൾക്ക് എതിരെ പീരുമേട് മുൻസിഫ് കോടതി നോട്ടീസ് നൽകിയത്. ട്രേഡ് യൂണിയൻ നേതാക്കൾ അഡ്വ. സ്റ്റീഫൻ ഐസക് മുഖേന വ്യാഴാഴ്ച എതിർ സത്യവാങ്മൂലം നൽകും. 29 ന് കോടതി കേസ് പരിഗണിക്കും. 2000 ൽ ഉടമ ഉപേക്ഷിച്ചു പോയ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി എസ്റ്റേറ്റുകളിലെ ഫാക്ടറികളാണ് ഉടമ സ്വകാര്യ കമ്പനിക്ക് വിറ്റത്. ജൂലായ് 15 ന് ഫാക്ടറി പൊളിക്കുമെന്ന് സ്വകാര്യ കമ്പനി ട്രേഡ് യൂണിയനെ അറിയിച്ചു. അപ്പോൾ തന്നെ സംയുക്ത ട്രേഡ് യൂണിയൻ യോഗം ചേർന്ന് ഫാക്ടറി വിലക്കു വാങ്ങിയ കമ്പനിയെ എതിർപ്പറിയിച്ചു. തുടർന്നാണ് ഇവർക്കെതിരെ തോട്ടം മാനേജ്മെൻ്റ് കോടതിയെ സമീപിച്ചത്.
2000 ഡിസംബർ 13 ന് നിയമപരമായ നടപടികൾ ഒന്നും സ്വീകരിക്കാതെയാണ് ഉടമ തോട്ടം ഉപേക്ഷിച്ച് പോയതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിച്ചു. ഈ സമയം 1300 സ്ഥിരം തൊഴിലാളികളും അത്ര തന്നെ താൽക്കാലിക തൊഴിലാളികളും 33 ഓഫീസ് ജീവനക്കാരും ജോലി ചെയ്തിരുന്നു. ഗ്രാറ്റുവിറ്റി, ബോണസ്. ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നിരവധി ആനുകൂല്യങ്ങൾ നൽകാതെയാണ് ഉടമ തോട്ടം ഉപേക്ഷിച്ചു പോയത്. സംയുക്ത ട്രേഡ് യൂണിയൻ വീതിച്ചു നൽകിയ പ്ലോട്ടുകളിൽ നിന്നും കൊളുന്തു നുള്ളി വിൽപ്പന നടത്തിയും മറ്റിടങ്ങളിൽ കൂലിപ്പണി ചെയ്തുമാണ് തൊഴിലാളികൾ കഴിയുന്നത്.
ഇതിനിടെ സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ കോടതി ഏകാംഗ കമ്മീഷനായി നിയമിക്കുകയും കമ്മീഷൻ്റെ റിപ്പോർട്ട് പ്രകാരം ഗ്രാറ്റുവിറ്റി നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ മാനേജ്മെൻ്റ് കൊടുത്തില്ലെങ്കിൽ ഗ്രാറ്റുവിറ്റി സംസ്ഥാന സർക്കാർ നൽകണം. തുടർന്ന് എസ്റ്റേറ്റ് ഭൂമി ലേലം ചെയ്ത് സർക്കാർ പണം ഈടാക്കണം എന്നായിരുന്നു വിധി.
ഇതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ഗ്രാറ്റുവിറ്റി നൽകി. പീരുമേട് ടീ കമ്പനി നൽകേണ്ട 2.4 കോടിയുടെ 50 ശതമാനം തുക ഈ മാസം 13 ന് സർക്കാരിൽ അടക്കണം. അതല്ലങ്കിൽ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സർക്കാരിനു ലേലം ചെയ്യാം. സർക്കാരിൽ അടക്കാനുള്ള പണം സ്വരൂപിക്കാൻ എന്ന പേരിലാണ് കമ്പനി ഫാക്ടറി വിൽപ്പന നടത്തിയതെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.
എന്നാൽ ഫാക്ടറി വിൽക്കുന്ന കാര്യം സർക്കാരിനേയോ തൊഴിലാളികളേയാ അറിയിച്ചില്ല. തോട്ടം തുറക്കുമെന്ന പ്രതീക്ഷയിലാണ് മുഴുവൻ തൊഴിലാളികളും . അങ്ങനെ തുറക്കുന്ന ഘട്ടത്തിൽ ഫാക്ടറി ഇല്ലാതെ തോട്ടം പ്രവർത്തിക്കാൻ കഴിയില്ല. ഇതാണ് ഫാക്ടറി വിൽക്കുന്നതിനെ സംയുക്ത ട്രേഡ് യൂണിയനും, തൊഴിലാളികളും എതിർക്കാൻ കാരണം. ഫാക്ടറി വിൽക്കുന്നതിലൂടെ തോട്ടം തുറക്കില്ല എന്ന സന്ദേശമാണ് മാനേജ്മെൻ്റ് നൽകുന്നത്.അനധികൃതമായി ഫാക്ടറി വിൽപ്പന നടത്തിയ മാനേജ്മെൻ്റിനെതിരെ നടപടി സ്വീകരിക്കണമെന്നും സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.