വണ്ടിപ്പെരിയാര്‍ മൗണ്ട് എസ്റ്റേറ്റ് ലയങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു
ജൂലൈ 20 ന് ചര്‍ച്ച നടത്തും
![വണ്ടിപ്പെരിയാര്‍ മൗണ്ട് എസ്റ്റേറ്റ് ലയങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു](https://openwindownews.com/uploads/images/202306/image_870x_6496cadd9ecf1.jpg)
വണ്ടിപ്പെരിയാര്‍ മൗണ്ട് എസ്റ്റേറ്റിലെ ലയങ്ങള്‍ വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. തോട്ടം തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന പീരുമേട് നിയോജകമണ്ഡലത്തിലെ എസ്റ്റേറ്റ് മേഖലകള്‍ സന്ദര്‍ശിച്ച് ലയങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ഈ സാമ്പത്തിക വര്‍ഷം ലയങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഫലപ്രദമായി വിനിയോഗിക്കുകയാണ് ലക്ഷ്യമെന്നും സന്ദര്‍ശന ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലയങ്ങള്‍ നവീകരിക്കേണ്ടത് സ്ഥല ഉടമകളായ എസ്റ്റേറ്റ് മാനേജ്മെന്റുകളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ല.
തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. ജൂലൈ 20 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനൊപ്പം എത്തി രാഷ്ട്രീയകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.