ഇടുക്കിയിൽ കനത്ത മഴ;പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം,മൂന്നാർ ടൗൺ ഒറ്റപ്പെട്ടു
ഇടുക്കിയിൽ കനത്ത മഴ തുടരുന്നു. പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു. മൂന്നാർ ടൗൺ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞു. ഏതാനും ദിവസമായി ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.ദേവികുളം മുതൽ പെരിയകനാൽ വെള്ളച്ചാട്ടം വരെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ചിത്തിരപുരം കുഞ്ചിത്തണ്ണി റൂട്ടിൽ പവർഹൗസിന് സമീപം മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കല്ലാർ മാങ്കുളം റോഡിൽ വിരിപാറക്ക് സമീപം പാലത്തിൽ വെള്ളം കയറി.പഴയ മൂന്നാറിൽ പാർക്കിംഗ് ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങി.അടിമാലി -രാജാക്കാട് റോഡിൽ വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനു താഴ്ഭാഗത്തായി മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.വെള്ളത്തൂവലിനു സമീപം ഉരുൾപൊട്ടി.ഇന്നലെ രാവിലെ തുടങ്ങിയ മഴ രാത്രിയിലും ശക്തമായിരുന്നു. രാവിലെ നേരിയ ശമനം ഉണ്ടായെങ്കിലും വീണ്ടും മഴ ശക്തമായി.