കർഷകദ്രോഹം അതിരു കടക്കുന്നു. ദീപിക ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.എസ് ഫ്രാൻസിസ് എഴുതുന്നു.

കർഷകദ്രോഹം അതിരു കടക്കുന്നു.ദീപിക ലേഖകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.എസ് ഫ്രാൻസിസ് എഴുതുന്നു.................
ഇടുക്കി ജില്ലയിലെ മലയോര കർഷകരുടെ ഉറക്കം കെടുത്തി വീണ്ടും ഉത്തരവുകൾ. കോടതികളെ തെറ്റിദ്ധരിപ്പിച്ചും സർക്കാർ ഉത്തരവുകളെ വളച്ചൊടിച്ചും മലയോര കാർഷിക പ്രദേശങ്ങൾ കാടാക്കി മാറ്റി നേട്ടം കൊയ്യാനുള്ള വനംവകുപ്പിന്റെയും അവർക്ക് വഴിയൊരുക്കാനുള്ള ചില സംഘടനകളുടെയും കുത്സിത ശ്രമങ്ങളാണ് മലയോര കർഷകരുടെ ഉറക്കം കെടുത്തുന്നത്. മലയോര കർഷകരെ കുടിയൊഴിപ്പിക്കാനുള്ള നൂറോളം പരിസ്ഥിതി- ഭൂമി കേസുകളാണ് വിവിധ കോടതികളിലുള്ളത്.കഴിഞ്ഞ ഫെബ്രുവരി 17ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 1996ൽ ടി.എൻ. ഗോദവർമൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ സ്വകാര്യ വനഭൂമി സംരക്ഷിക്കുന്നതിനായി നൽകിയ കേസിന്റെ ചുവടുപിടിച്ച് സുപ്രീംകോടതി രൂപീകരിച്ച സെൻട്രൽ എംപവേഡ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. തിരുമുൽപ്പാട് കേസിന്റെ ചുവടുപിടിച്ച് വണ്‍ എർത്ത് വണ്‍ ലൈഫ് എന്നപേരിലുള്ള സംഘടന ഇടുക്കി ജില്ലയിലെ മലയോര മേഖലയിലെ കർഷകർക്കെതിരേ നൽകിയ കേസിന്റെ ഫലമായി ഉണ്ടായിരിക്കുന്ന പുതിയ ഉത്തരവിൽ സിഎച്ച്ആർ (കാർഡമം ഹിൽ റിസർവ്) മേഖലയിൽ 1980 ഒക്ടോബർ 25ന് ശേഷം നടന്നിട്ടുള്ള ഭൂമി ഇടപാടുകളുടെ വിശദാംശങ്ങൾ നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സിഎച്ച് ആർ വനഭൂമി!
1980 ഒക്ടോബർ 25നാണ് കേന്ദ്ര വനനിയമം നിലവിൽ വന്നത്. വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വനനിയമത്തിന്റെ ലംഘനമാണ്. സിഎച്ച്ആർ വനഭൂമിയാണെന്ന വണ്‍ എർത്ത് വണ്‍ ലൈഫിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ എംപവേഡ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഗോദവർമൻ തിരുമുൽപ്പാട് മരിച്ചശേഷം കേസ് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചാണു കോടതി എംപവേഡ് കമ്മിറ്റിയെ നിയോഗിച്ചത്. സ്വകാര്യ വനഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി നൽകിയ കേസ് പരിസ്ഥിതി കേസായി കണക്കാക്കി കോടതിയെടുത്ത നടപടി അവസരമാക്കിയാണ് വണ്‍ എർത്ത് വണ്‍ ലൈഫ് മലയോര കർഷകർക്കെതിരേ നിയമയുദ്ധം നടത്തുന്നത്.സിഎച്ച്ആർ വനഭൂമിയാണെന്നതിന് സംഘടന കോടതിയിലും എംപവേഡ് കമ്മിറ്റിക്കും നൽകിയ രേഖ മാത്രമാണുള്ളത്. രാജഭരണകാലത്ത് ഏലം കൃഷിക്ക് അനുയോജ്യമെന്നു കണ്ടത്തിയ ഭൂമി ലാൻഡ് മാർക്ക് ചെയ്തു പട്ടയം നൽകിയും പാട്ടത്തിനും തമിഴ്നാട്ടിലെ കർഷകർക്ക് നൽകിയതാണ് സിഎച്ച്ആർ. 15,720 ഏക്കർ സ്ഥലമാണ് ഇങ്ങനെ നൽകിയിട്ടുള്ളത്. ഇപ്പോൾ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലുള്ള മ്ലാപ്പാറ വില്ലേജ് പരിധിയിലുള്ള സ്ഥലം മുതൽ കാരിക്കോട് വില്ലേജ് വരെ ഏലംകൃഷിക്ക് അനുയോജ്യമായ പ്ലോട്ടുകളാണ് കാർഡമം ഹിൽ റിസർവായി പ്രഖ്യാപിച്ചിട്ടുള്ളത്. പീരുമേട്, ഉടുന്പൻചോല, ദേവികുളം (ഇപ്പോഴത്തെ ഇടുക്കി വില്ലേജ് ഉൾപ്പെടെ) താലൂക്കുകൾ മുഴുവൻ ഉൾപ്പെടെ 2,15,720 ഏക്കർ സ്ഥലം സിഎച്ച്ആർ വനഭൂമിയാണെന്നാണ് വണ്‍ എർത്ത് വണ്‍ ലൈഫിന്റെ കേസ്. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.ഇതു മറികടക്കാൻ സംസ്ഥാന സർക്കാർ അവധാനതയോടെ ഹോംവർക്ക് ചെയ്യേണ്ടിവരും. സ്വകാര്യവ്യക്തികൾ കക്ഷിചേർന്ന് കോടതിയെ ശരി ധരിപ്പിക്കണം. രേഖയിൽ കൃത്രിമം കാട്ടി കോടതിയെയും എംപവേഡ് കമ്മിറ്റിയെയും തെറ്റിദ്ധരിപ്പിച്ചതിന് സംഘടനയ്ക്കും വനംവകുപ്പിനുമെതിരേ കേസെടുക്കണം. അതിനു കഴിയാതെ വന്നാൽ മലയോരകർഷകർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടും. കേരളത്തിന്റെ ചോറു കഴിക്കുന്ന വനംവകുപ്പാണ് വനവിസ്തൃതി കൂട്ടി കാശടിക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്നതെന്നത് വിരോധാഭാസമാണ്. ഇവിടെ ഒരു സർക്കാരുണ്ടായിരുന്നെങ്കിൽ വനംവകുപ്പിന്റെ ആർത്തിക്ക് അറുതി വരുത്തിയേനെ. തിരുവനന്തപുരം ആർക്കൈവ്സിലും വണ്ടന്മേട് വില്ലേജ് ഓഫീസിലും ഉടുന്പൻചോല താലൂക്ക് ഓഫീസിലും സൂക്ഷിച്ചിരിക്കുന്ന റവന്യു രേഖകളിൽ സിഎച്ച്ആർ 15,720 ഏക്കർ സ്ഥമാണ്. 15,720 എന്ന അളവിനു മുന്നിൽ രണ്ട് കൂട്ടിച്ചേർത്ത് കൃത്രിമമായി നിർമിച്ചതാണ് 2,15,720 ഏക്കർ എന്ന വിസ്തീർണമെന്ന് അന്തരിച്ച മുൻ മന്ത്രി കെ.എം. മാണി തന്നെ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്.
പിടിവള്ളിയായി പ്രത്യേക ഭൂപതിവു നിയമം
കെ.എം. മാണിയുടെ 1993ലെ പ്രത്യേക ഭൂപതിവു നിയമമാണ് പിടിവള്ളിയായി വണ്‍ എർത്ത് വണ്‍ ലൈഫ് മുറുകെപ്പിടിക്കുന്നത്. വനഭൂമിയല്ലെങ്കിൽ പട്ടയം നൽകാൻ 1993ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടതാണ് സിഎച്ച്ആർ വനഭൂമിയാണെന്നതിന് പരാതിക്കാർ ഉന്നയിക്കുന്ന വാദം. ഇത് ഒരു സാങ്കേതിക പിഴവായി കണക്കാക്കിയാൽ 1993ലെ നിയമത്തിൽ ഒരിടത്തും സിഎച്ച്ആർ വനമാണെന്ന് അംഗീകരിച്ചിട്ടില്ല. 1997ന് മുന്‍പുള്ള കൈവശഭൂമിക്കും ഏലംകൃഷി ഉപേക്ഷിച്ച് മറ്റു കൃഷി ചെയ്ത ഭൂമിക്കും പട്ടയം നൽകാനാണ് 1993ലെ ഭൂപതിവു നിയമം. ഇവിടെ വനം - റവന്യു ജോയിന്റ് വേരിഫിക്കേഷൻ നടത്തിയിട്ടില്ല. റവന്യു വകുപ്പിന്റെ സന്പൂർണ അധീനതയിലുള്ള എറണാകുളം, തൃശൂർ, പത്തനംതിട്ട, വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള 28,588 ഹെക്ടർ സ്ഥലത്തിനാണ് 1993ലെ പ്രത്യക ഭൂപതിവു നിയമം അനുസരിച്ച് പട്ടയം നൽകുന്നത്. 28,588 ഹെക്ടർ എന്നത് 2,15,720 ഏക്കറല്ല. ഇടുക്കിയിൽ മാത്രമാണ് സിഎച്ച്ആർ ഉള്ളത്. 1961ലെ കാർഡമം കുത്തകപ്പാട്ട നിയമനുസരിച്ച് 20 വർഷത്തേക്കു ഏലം കൃഷിക്കായി പാട്ടം നൽകിയിരിക്കുന്ന ഭൂമിയിൽ ഏലം കൃഷി മാറ്റി വേറെ കൃഷി ചെയ്ത കർഷകർക്ക് പട്ടയം നൽകിയ ഭൂമിക്ക് 1993ലെ നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് (റൂൾ-4) പ്രീമിയവും പാട്ടവും ഈടാക്കേണ്ടതില്ലെന്നും പറയുന്നതായ പാട്ടക്കാലാവധി 1981 വരെയുള്ളതാണ്. പാട്ടവും പ്രീമിയവും ഈടാക്കേണ്ടതില്ലെന്നു നിയമത്തിൽ പറയുന്പോൾ അത് കുത്തകപ്പാട്ടത്തിനു പുറത്തായെന്നു വ്യക്തമാണ്. അവിടെയൊന്നും വനംവകുപ്പിന്റെ ദർശനമോ അനുമതിയോ ഉണ്ടായിട്ടില്ല.സിഎച്ച്ആറിൽ പെടുന്നതെന്ന് കോടതി വ്യവഹാരികൾ വാദിക്കുന്ന പ്രദേശത്ത് 1949ൽ സിഎച്ചആർ ഡി - റിസർവ് ചെയ്ത് നെൽ, കപ്പ, മുതിര കൃഷികൾക്കായി പാടം (വയൽ) പതിച്ചു നൽകിയിട്ടുണ്ട്. അണക്കരയിലും ചക്കുപള്ളത്തും മറ്റും 20,000 ഏക്കറിലേറെ സ്ഥലങ്ങൾ ഇങ്ങനെ പതിച്ചു നൽകിയിട്ടുണ്ട്. 1974ൽ ആരബിൾ ഫോറസ്റ്റ് ലാൻഡ് (വനം വകുപ്പ് റവന്യുവിനു കൈമാറിയ സ്ഥലം) ഇടുക്കി ജില്ലയിൽ (കൽകൂന്തൽ വില്ലേജ്) പല ഭാഗത്തുണ്ട്. 2,15,720 ഏക്കർ വനഭൂമിയാണെന്നുള്ള വനംവകുപ്പിന്റെ വാദം വെറും നോക്കുകൂലി മാത്രമാണ്.