കൃഷിവകുപ്പിന്റെയും ആത്മ ഇടുക്കിയുടെയും സംയുക്താഭിമുഖ്യത്തിൽ കർഷകർക്കായി ബോധവൽക്കരണ സെമിനാർ ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു
"മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുക" ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുന്നതിന്റെ പ്രാഥമിക ഘട്ടമാണ് മണ്ണ് പരിശോധന. മണ്ണിന്റെ ഘടനയും പോഷകമൂല്യങ്ങളും പരീക്ഷിച്ചറിഞ്ഞ് കൃത്യമായ വളപ്രയോഗവും കാർഷിക മുറകളും അനുവർത്തിക്കേണ്ട പ്രാധാന്യം ഇളം മനസ്സുകളിൽ തന്നെ ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രകാർഷിക മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണ് "സ്കൂൾ സോയിൽ ഹെൽത്ത് പ്രോഗ്രാം" പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് എന്ന രീതിയിൽ ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രാഥമിക ഘട്ടത്തിൽ വാഴത്തോപ്പ് പഞ്ചായത്തിലെ തിരഞ്ഞെടുത്ത 25 കർഷകരുടെ പ്ലോട്ടുകളിൽ നിന്നായി മണ്ണ് ശേഖരിക്കുകയും പ്രസ്തുത സ്കൂളിൽ സ്ഥാപിക്കുന്ന മിനി സോയിൽ ടെസ്റ്റിംഗ് ലാബ് വഴി ഇവ പരിശോധിച്ചു നൽകുകയും ചെയ്യും. ഇതിനോട് അനുബന്ധിച്ച് കൃഷിവകുപ്പിന്റെയും ആത്മ ഇടുക്കിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.
മണ്ണ് പരിശോധനയുടെ പ്രാധാന്യം, പരിശോധനയ്ക്കായി മണ്ണ് ശേഖരിക്കേണ്ട വിധം ,തുടങ്ങിയ വിഷയങ്ങളിൽ ജില്ലാ സോയിൽ ടെസ്റ്റിംഗ് ലാബ് അരിക്കുഴയിലെ അസിസ്റ്റൻറ് സോയില്‍ കെമിസ്റ്റ് ശശിലേഖ രാഘവൻ ക്ലാസുകൾ നയിച്ചു. വാഴത്തോപ്പ് കൃഷി ഓഫീസര്‍ ഹരിത എം ആര്‍, ആത്മ ജില്ലാ ടെക്നോളജി മാനേജർ അഖിൽ ചന്ദ്രൻ, കൃഷ്ണദത്ത് എം, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹെഡ് മാസ്റ്റര്‍ ദിവ്യ ജോർജ്ജ്, സീനിയര്‍ സൂപ്രണ്ട് അനി, അധ്യാപകരായ ഗോപിക കെ ജി, വിമല്‍ കുമാര്‍, എന്നിവർ സംസാരിച്ചു.