കാഞ്ചിയാറ്റിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും
കാഞ്ചിയാറ്റിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.പ്രതി ബിജേഷ് ബെന്നി ക്കെതിരെയുള്ള എല്ലാ തെളിവുകളും ശേഖരിച്ചാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്.കഴിഞ്ഞ മാർച്ച് 21ന് വൈകിട്ടാണ് അനുമോൾ എന്ന വത്സമ്മയെ ഭർത്താവ് ബിജേഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.ബിജേഷിന്റെ കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിൽ വെച്ചായിരുന്നു അരുംകൊല നടത്തിയത്.കൊലപാതകത്തിന് ശേഷം മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് 2 ദിവസത്തോളം കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം ബിജേഷ് കടന്നു കളയുകയായിരുന്നു.തുടർന്ന് ഒരാഴ്ച്ചത്തെ അന്വേഷണത്തിനൊടുവിൽ കുമളി വനമേഖലയിൽ നിന്നും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിനിടയിൽ അനുമോളെ നിലത്ത് തള്ളിയിട്ടപ്പോൾ തലയ്ക്കേറ്റ ഗുരുതര പരിക്കും മരണ കാരണമായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ട്.കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ കുറ്റപത്രം നൽകാൻ ഒരുങ്ങുന്നത്.കൊലപാതകം നടന്ന വീട്ടിൽ നിന്നും മൃതദേഹത്തിൽ നിന്നും ഉൾപ്പടെ ലഭിച്ചിട്ടുള്ള വിരലടയാളങ്ങൾ,അനുമോളുടെ സ്വർണ്ണം പണയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ, പ്രതി ഒളിവിൽ പോയപ്പോഴത്തെ സി സി ടി വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട് തുടങ്ങിയയെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.അധികം വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.പ്രതി ബിജേഷിനെ സംഭവ സ്ഥലത്തും ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുത്തിരുന്നു.
കൊലപാതകത്തിന് ശേഷം അനുമോളുടെ ബന്ധുക്കളെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് പ്രതി മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത്.
ഭാര്യയെ കാണാതായെന്നാണ് ബിജേഷ് ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.അനുമോളെ കാണാനില്ലെന്ന് കാട്ടി ഇയാൾ പോലീസിൽ പരാതിയും നൽകിയിരുന്നു. കട്ടപ്പന ഡിവൈ.എസ് പി യുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.